മസ്കത്ത്: കഴിഞ്ഞദിവസം വിടപറഞ്ഞ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് ഒമാനിലെ പ്രവാസി വ്യവസായികളിലെ സൗമ്യ മുഖമായിരുന്നു.
എപ്പോഴും ചെറുപുഞ്ചിരിയോടെയായിരുന്നു അദ്ദേഹം എല്ലാവരേയെും വരവേറ്റിരുന്നത്. ഒമാനിലെ എല്ലാ സാമൂഹിക, സാംസ്കാരിക കൂട്ടായ്മകളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതിലും ശ്രദ്ധപുലർത്തി. ഒരുമയുടെയും സൗഹൃദ കൂട്ടായ്മയിലൂടെയാണ് നൂർ ഗസലിനെ വളർത്തിയെടുക്കുന്നത്.
സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്ന സലീം 1987ലാണ് ഒമാനിലെത്തുന്നത്. ആദ്യ ഏഴ് വർഷത്തെ പ്രവാസ ജീവിതത്തിനിടയിലാണ് ഒമാനിലെ രുചിയുടെ മേഖലയിലെ പുതിയ സാധ്യതകൾ തിരിച്ചറിഞ്ഞത്.
സുഹൃത്തുക്കളായ ഇ.എ. അലിയാർ, പി.എസ്.ഹബീബുല്ല. എം.എം.അബ്ദുറഹ്മാൻ എന്നിവരുമായി ചേർന്ന് 1995ൽ നൂർ ഗസൽ ഫുഡ്സ് ആൻഡ് ബ്രൈസസിന് ചെറിയ രീതിയിൽ തുടക്കമിടുന്നത്. കാൽനൂറ്റാണ്ടുകൊണ്ട് ഒമാനിലെ സ്വദേശികളുടേയും വിദേശികളുടേയും അടുക്കളയിലെ ഇഷ്ട ബ്രാൻഡായി മാറിയതിനു പിന്നിൽ ഗുണനിലവാരവും വിശ്വാസ്യതയും കാത്തുസൂക്ഷിച്ചതിനാലാണെന്ന് കമ്പനി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ആരോഗ്യകരവും ശുചിത്വപൂർണവുമായ സാഹചര്യങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന നിർബന്ധം കാത്തുസൂക്ഷിച്ച് പോന്നിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഈ കർശന നിലപാടാണ് ഐ.എസ്.ഒ 202000-2008 അഗീകാരം നൂർഗസലിനെ തേടിയെത്തിയത്. ഇത് ലഭി ക്കുന്ന ഒമാനിലെ സുഗന്ധ വ്യഞ്ജന മേഖലയിലെ ആദ്യത്തെ കമ്പനിയാണ് നൂർ ഗസൽ.
ഇതോടൊപ്പം എച്ച്.എ.സി.സി.പി അംഗീകാരവും (ഹസാർഡ് അനാലിസിസ് ആൻഡ് ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ്) അംഗീകാരവും ഗസലിന് ലഭിച്ചിട്ടുണ്ട്. സലീം പറക്കോടിന്റെ വിയോഗം ഒമാനിലെ സാമൂഹിക, സാംസ്കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്ന് പലരും അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.