സുഹാർ: ചൂട് കുറഞ്ഞതോടെ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം വർധിച്ചു. വരാന്ത്യ അവധി ആഘോഷിക്കാൻ ഇന്നലെ പാർക്കിലും ബീച്ചിലും തുറസ്സായ സ്ഥലങ്ങളിലും നിരവധിപേരാണെത്തിയത്.
വലിയ തണുപ്പ് അനുഭവപ്പെട്ടില്ലെങ്കിലും ചൂടിന് കുറവുണ്ടായിരുന്നു. മഴ കനത്ത് പെയ്തതോടെ ചില പ്രദേശങ്ങളിൽ ചൂടിന്റെ തോത് വളരെ കുറഞ്ഞതും ആശ്വാസമായി. മഴ മുന്നറിയിപ്പും അപകട സാധ്യതയും കണക്കിലെടുത്ത് കുടുംബങ്ങൾ പലരും പുറത്ത് ഇറങ്ങിയിരുന്നില്ല. മഴ മാറുകയും അന്തരീക്ഷം പ്രസന്നമാകുകയും ചെയ്തതോടെ വാരാന്ത്യ അവധി ആഘോഷിക്കാൻ കുടുംബങ്ങളും കുട്ടികളും പാർക്കുകളിൽ ഒഴുകുകയായിരുന്നു.
സല്ലാൻ ബീച്ച്, മൻഹാൽ ബീച്ച് പാർക്ക്, സുഹാർ കോർണീഷ്, മുൽന്തക്കഅൽസൻഖാർ പാർക്ക്, ഫലജ് അൽ ഖബായിൽ പബ്ലിക് പാർക്ക്, സുഹാർ പർക്ക്, സനായ പാർക്ക്, സഹം പാർക്ക്, എന്നിവിടങ്ങളിൽ രാവേറെ നീളുന്ന തിരക്കായിരുന്നു. പാർക്കുകളിൽ സ്ഥാപിച്ച കളി സ്ഥലങ്ങളിൽ ഊഞ്ഞാൽ ആടിയും വട്ടം കറങ്ങിയും, മുകളിൽനിന്ന് താഴേക്ക് ഊർന്നിറങ്ങിയും കുട്ടികൾ കളിച്ചുല്ലസിച്ചു.
പാർക്കുകൾക്കും ബീച്ചുകൾക്കും സമീപം കച്ചവടം ചെയ്യുന്ന ചെറിയ കച്ചവടക്കാർക്കും നല്ല വിൽപനയായിരുന്നു. ഐസ് ക്രീം, പോപ്കൊൺ, സ്വീറ്റ് കോൺ, ജ്യുസ്, വെള്ളം, ചിപ്സ് എന്നിവ നന്നായി വിറ്റുപോയി. ചൂട് അതി കഠിനമായ കഴിഞ്ഞ മാസങ്ങളിൽ മാളുകളിലും ഫുഡ് കോർട്ടുകളിലും ആയിരുന്നു ആളുകൾ എത്തിയിരുന്നത്. അത് മാറി ആളുകൾ പുറത്തിറങ്ങേണ്ടുന്ന കാലാവസ്ഥയായി പതിയെ മാറിവരുന്നുണ്ട്. പ്രഭാത സവാരിക്കാരും ഇറങ്ങി ത്തുടങ്ങിയതോടെ അതിരാവിലെയും പാർക്കുകൾ സജീവമാകാൻ തുടങ്ങി.
ആരോഗ്യപരിപാലനത്തിനായി നിരവധി മാർഗങ്ങൾ ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. സൈക്കിൾ സവാരിക്കാർക്ക് പ്രത്യേക പാത, നടത്തക്കാർക്ക് നടപ്പാത, വോളിബാൾ, ബാഡ് മിന്റൺ കോർട്ടുകൾ, വ്യായാമത്തിനുള്ള ഉപകരണങ്ങൾ, എന്നിവയും പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. അംബാർ പാർക്കിൽ കാഴ്ച് പരിമിതിയുള്ളവർക്ക് ഒരു കിലോമീറ്റർ നടപ്പാത സ്ഥാപിച്ചത് രാജ്യത്തെ ആദ്യത്തെ തുടക്കമാണ്.
കളി മൈതാനങ്ങളും സജീവമായി. ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ ബാഡ്മിന്റൺ ടൂർണമെന്റുകളുടെ സീസൺ തുടങ്ങി കഴിഞ്ഞു. ക്രിക്കറ്റ് ലീഗ് മുതൽ വടം വലി വരെ മത്സര ഇനങ്ങളായിട്ടുണ്ട്. തണുപ്പ് കനക്കുന്നതോടെ കൂടുതൽ സജീവമാകുന്ന പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.