മസ്കത്ത്: ഇന്ത്യൻ രൂപ ശക്തിപ്രാപിച്ച് ഒരു റിയാലിന് 214.70 രൂപ എന്ന നിരക്കിലെത്തി. ആറ് മാസത്തിനുള്ളിലെ റിയാലിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഡോളറിന് 82.69 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഡോളറിന്റെ വില 82.82 രൂപയായിരുന്നു. കഴിഞ്ഞ മാസം 17 മുതൽ ഇന്ത്യൻ രൂപ ശക്തിപ്രാപിക്കുകയാണ്. ഇതോടെ റിയാലിന്റെ വിനിമയനിരക്ക് താഴേക്കുവരുകയായിരുന്നു.
ഏറെ കാലത്തിന് ശേഷമാണ് വിനിമയ നിരക്ക് 215ന് താഴെ വരുന്നത്. രൂപ ശക്തിപ്രാപിക്കാൻ നിരവധി കാരണങ്ങളുണ്ട്. രൂപ ശക്തമായതോടെ ഓഹരി വിപണിയും റെേക്കാഡ് നേട്ടമാണുണ്ടാക്കുന്നത്. നിരവധി ഉൽപന്നങ്ങളുടെ ഓഹരി വില കുത്തനെ ഉയർന്നു. ഓഹരി വിപണി ഇനിയും ശക്തിപ്രാപിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്.
റിസർവ് ബാങ്ക് മാർക്കറ്റിലേക്ക് കൂടുതൽ ഡോളറുകൾ ഇറക്കിയതാണ് ഡോളറിന്റെ വില കുറയാൻ പ്രധാന കാരണം. മറ്റ് പ്രധാന ബാങ്കുകളും മാർക്കറ്റിലേക്ക് ഡോളറുകൾ ഇറക്കിയിട്ടുണ്ട്. അതോടൊപ്പം അമേരിക്കൻ ഡോളർ ശക്തി കുറയുന്നതും ഇന്ത്യൻ രൂപക്ക് അനുകൂല ഘടകമാണ്. ഡോളറിന്റെ മൂല്യം കാണിക്കുന്ന ഡോളർ ഇന്റക്സ് കുറഞ്ഞതും ഇന്ത്യൻ രൂപക്ക് അനുഗ്രഹമായി.
ലോകത്തിലെ പ്രധാനപ്പെട്ട ആറ് കറൻസികളെ അപേക്ഷിച്ച് ഡോളറിന്റെ വിലയാണ് ഡോളർ ഇന്റക്സ്. ഡോളർ ഇന്റക്സ് വ്യാഴാഴ്ച 103.22 പോയന്റായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരു മാസത്തിലെ ഏറ്റവും കുറഞ്ഞ പോയന്റാണിത്. ഇതോടെ ജപ്പാൻ കറൻസി അടക്കം ശക്തി പ്രാപിക്കാൻ തുടങ്ങി. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ പ്രതീക്ഷിച്ച വളർച്ച കാണിച്ചില്ല എന്നതാണ് ഡോളറിനെ പ്രതികൂലമായി ബാധിച്ചത്. അമേരിക്കയിൽ തൊഴിലില്ലായ്മ ഡേറ്റയടക്കം നിരവധി കാരണങ്ങളും ഡോളറിനെ ബാധിക്കുന്നുണ്ട്.
ആയിരം രൂപക്ക് 4.689 റിയാലാണ് വ്യാഴാഴ്ച വിനിമയ സ്ഥാപനങ്ങൾ ഈടാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് റിയാലിന്റെ വിനിമയ നിരക്ക് 214.40 രൂപ വരെ താഴ്ന്നിരുന്നു.
പിന്നീട് കഴിഞ്ഞ നവംബർ 28 ന് 216. 40 രൂപ വരെ എത്തി. പിന്നീട് കുറയുകയായിരുന്നു. കഴിഞ്ഞ ജനുവരി 15ന് വിനിമയ നിരക്ക് കുറഞ്ഞ് റിയാലിന് 215.10 ആയി. പിന്നീട് ഉയർന്ന് 22 ന് 215.80 രൂപ വരെ എത്തി. കഴിഞ്ഞ വർഷം ജൂലൈയിൽ വിനിമയ നിരക്ക് 212.50 വരെ താഴ്ന്നിരുന്നു.
വിനിമയ നിരക്ക് കുറയുന്നത് കൂടുതൽ വലിയ സംഖ്യ നാട്ടിലേക്ക് അയക്കുന്നവരെയാണ് കാര്യമായി ബാധിക്കുക. അതിനാൽ ഇത്തരക്കാരിൽ പലരും പണം അയക്കാതെ നല്ല നിരക്കിനായി ഇനിയും കാത്തിരിക്കുകയാണ് ചെയ്യുക.
അതിനാൽ വിനിമയ നിരക്ക് കുറയുന്നതോടെ വൻ സംഖ്യ നാട്ടിലേക്ക് അയക്കുന്നവരുടെ തിരക്ക് കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.