മസ്കത്ത്: ഒമാനിലേക്കുള്ള വിദേശി തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് വർധിച്ചു. ഒരിടവേളക്കുശേഷം വൈറ്റ് കോളർ ജീവനക്കാരായ (ഒാഫിസ് ജോലിക്കാർ) വിദേശികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഡിസംബർ അവസാനം 14.06 ലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
ജനുവരി അവസാനം ഇത് 14.39 ലക്ഷമായി ഉയർന്നു. ബിരുദധാരികളായ വിദേശികളുടെ എണ്ണം 2.3 ശതമാനം വർധിച്ച് 1,14,812 ആയി. മാസ്റ്റേഴ്സ്, പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ എണ്ണം 8892ൽ നിന്ന് 9100 ആയും ഉയർന്നു. ജനറൽ ഡിപ്ലോമ യോഗ്യതയുള്ളവരുടെ എണ്ണത്തിലും വർധനയുണ്ട്. 2.36 ലക്ഷത്തിൽനിന്ന് 2.42 ലക്ഷമായാണ് ഇത് ഉയർന്നത്. അതേസമയം, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം കുറഞ്ഞതായും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു.
10.39 ലക്ഷത്തിൽനിന്ന് 10.15 ലക്ഷമായാണ് ഇവരുടെ എണ്ണം കുറഞ്ഞത്. കോവിഡ് സാഹചര്യത്തിൽ നിർമാണ മേഖലയിലും മറ്റും ഉണ്ടായ പ്രതിസന്ധികളെ തുടർന്ന് കുറഞ്ഞ വേതനക്കാരായ നിരവധി വിദേശികൾ നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ജനുവരിയിൽ 8700 ബംഗ്ലാദേശികൾ ഒമാനിൽ പുതുതായി എത്തി. 5.49 ലക്ഷം പേരുള്ള ബംഗ്ലാദേശികളാണ് ഒമാനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. 8150 ഇന്ത്യക്കാരാണ് ജനുവരിയിൽ പുതുതായി എത്തിയത്. 4.91 ലക്ഷമാണ് ഇന്ത്യക്കാരുടെ മൊത്തം എണ്ണം.
അയ്യായിരം പാകിസ്താനികളും ജനുവരിയിൽ ഒമാനിൽ എത്തി. വിദേശ തൊഴിലാളികളിൽ 79 ശതമാനം പേരും സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. സർക്കാർ മേഖലയിലെ വിദേശികളുടെ എണ്ണം ഡിസംബറിൽ 43,842 ആയിരുന്നത് 41,866 ആയി കുറഞ്ഞു. 5.87 ലക്ഷം വിദേശികളും മസ്കത്ത് ഗവർണറേറ്റിലാണ് ഉള്ളത്. രണ്ടുലക്ഷം പേർ വടക്കൻ ബാത്തിനയിലും ഒന്നര ലക്ഷം പേർ തെക്കൻ ദോഫാർ മേഖലയിലുമുണ്ട്. മുസന്ദമിലാണ് വിദേശികളുടെ എണ്ണം കുറവ്. 11,919 വിദേശ തൊഴിലാളികളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.