മസ്കത്ത്: അടിയന്തര ആവശ്യങ്ങൾകും അവധിക്കുമായി പോയി ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾക്ക് മറ്റു രാജ്യങ്ങൾ വഴി ഒമാനിലെത്താനുള്ള അവസാന വഴിയും അടഞ്ഞു. ബഹ്റൈൻ വഴി ഒമാനിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകൾ കൂടി കഴിഞ്ഞ ദിവസം നിലച്ചതോടെയാണിത്. ജി.സി.സി രാജ്യങ്ങളിൽ ബഹ്റൈൻ മാത്രമാണ് ടൂറിസ്റ്റ് വിസയുള്ളവർക്ക് കഴിഞ്ഞ ദിവസം വരെ പ്രവേശനം അനുവദിച്ചിരുന്നത്. പ്രയാസങ്ങളുണ്ടെങ്കിലും ബഹ്റൈനിൽ വിസിറ്റ് വിസ എടുത്ത് 14 ദിവസം തങ്ങി നിരവധി ഇന്ത്യക്കാരാണ് ഒമാനിലെത്തിയത്. കഴിഞ്ഞ ദിവസം ബഹ്റൈനിലേക്ക് വിസിറ്റ് വിസ നിർത്തിയതോടെ ഇൗ വാതിലും അടഞ്ഞു.
വിവിധ രാജ്യങ്ങൾ വഴിയുള്ള യാത്ര കൂടി മുടങ്ങിയത് തിരിച്ചടിയാവുന്നത് ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾക്കാണ്. ഇതിൽ പലരും വിസ കാലാവധി കഴിയാനടുക്കുന്നവരാണ്. ഇത്തരക്കാർക്ക് നിലവിലെ അവസ്ഥയിൽ ജോലി നഷ്ടപ്പെടാനാണ് സാധ്യത. താഷ്കൻറ്, അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ വഴി ഒമാനിലെത്താനുള്ള സാധ്യതയും ഇന്ത്യയിൽ കുടുങ്ങിയവർ ആരായുന്നുണ്ട്. ഇവ ഏറെ ചെലവേറിയതായതിനാൽ ചുരുങ്ങിയ ശമ്പളക്കാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. മാത്രമല്ല ഇത്തരം ചില രാജ്യങ്ങളിൽ യാത്രാവിലക്ക് കാരണവും മറ്റും കുടുങ്ങിയാൽ സഹായത്തിനെത്താൻ എംബസികൾപോലും നിലവിലില്ല. അതിനാൽ നിലവിലെ അവസ്ഥയിൽ ഇത്തരം ആലോചനകൾതന്നെ ഒഴിവാക്കലാണ് നല്ലതെന്നാണ് ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഗൾഫ് രാജ്യങ്ങളിലും അയൽരാജ്യങ്ങളിലും കുടുങ്ങിപ്പോയാൽ സഹായത്തിന് നാട്ടുകാരും ബന്ധുക്കളുമുണ്ടാവുമെന്നുള്ള പ്രതീക്ഷയെങ്കിലുമുണ്ട്. എന്നാൽ ജോർജിയ അടക്കമുള്ള വിദൂര രാജ്യങ്ങളിൽ കുടുങ്ങിയാൽ പരാതി കേൾക്കാൻ ആരുമുണ്ടാവില്ലെന്നതാണ് സാഹചര്യം.
ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾക്ക് ഒമാൻ വിലക്ക് ആരംഭിച്ചിട്ട് ഒരു മാസമടുക്കുകയാണ്. ഏപ്രിൽ 26 മുതലാണ് ഒമാനിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ജോലി സ്ഥലത്ത് തിരിച്ചെത്താൻ കഴിയാതെ മലയാളികൾ അടക്കം നിരവധി പേർ നിരാശയിൽ കഴിയുകയാണ്. ദുബൈയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഉടൻ നീങ്ങുമെന്നും ദുബൈ വഴി ഒമാനിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. അടുത്ത ബന്ധുക്കളുടെയും മറ്റും മരണം അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോയവരും കുടുങ്ങിക്കിടക്കുന്നവരിൽ ഉണ്ട്.
അതിനിടെ ഇന്ത്യയിൽനിന്നുള്ള വിമാന സർവിസുകൾ പുനഃസ്ഥാപിക്കുമെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില പത്രങ്ങളിൽ ഇതു സംബന്ധമായ പരസ്യവും വന്നിരുന്നു. എന്നാൽ, ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വിമാന സർവിസുകൾക്ക് ഉടൻ അനുവാദം നൽകാൻ സാധ്യതയില്ല. ഏതായാലും അന്താരാഷ്ട്ര മേഖലയിലെ യാത്രവിലക്ക് മലയാളികളടക്കം നിരവധി പ്രവാസികളുടെ തൊഴിൽ സ്വപ്നങ്ങളാണ് തകർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.