മസ്കത്ത്: പ്രവാസി ക്ഷേമനിധി അടക്കുന്നതിൽ വീഴ്ചവരുത്തിയവർക്ക് ഏർപ്പെടുത്തിയ പിഴയിൽ ഇളവുവരുത്താൻ പ്രവാസി വെൽഫെയർബോർഡ് തീരുമാനിച്ചു. വർഷങ്ങളായി പ്രവാസി സംഘടനകൾ ശക്തമായി ഉന്നയിക്കുന്ന ആവശ്യമാണിത്. പല കാരണങ്ങളാൽ അംശാദായമടക്കാൻ പറ്റാത്ത പലർക്കും അടക്കാനുള്ള തുകയുടെ 60 ശതമാനത്തിലേറെ വരെ പിഴ വന്ന സാഹചര്യമുണ്ടായിരുന്നു.
അംഗത്വം പുനഃസ്ഥാപിക്കാൻ ഇനി ആകെ, കുടിശ്ശികയായി നിലനിൽക്കുന്ന അംശാദായ തുകയുടെ 14 ശതമാനം പലിശയും, ഈ പലിശ തുകയുടെ ഒരുശതമാനം പിഴയും അടച്ചാൽ മതിയെന്ന് പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഉത്തരവിൽ പറയുന്നു.
ഇനി മുതൽ അംശാദായ കുടിശ്ശിക വരുത്തുന്ന എല്ലാ അംഗങ്ങൾക്കും പുതുക്കിയ ഉത്തരവ് പ്രകാരമുള്ള നിരക്കായിരിക്കും ബാധകം. നിലവിലെ കുടിശ്ശിക തുകക്ക് ആനുപാതികമായി പലിശ വർധനവ് ഉണ്ടായിരുന്ന രീതി ഇതോടെ ഒഴിവായി. പുതുക്കിയ നിരക്കിൽ പിഴ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ കുടിശ്ശിക വരുത്തിയ 60 വയസ്സ് കഴിഞ്ഞവരുടെ പിഴ ഒഴിവാക്കില്ല.
വലിയ ഫൈൻ വന്നത് പലകാരണങ്ങളാൽ അടവ് മുടങ്ങിയവർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. നേരത്തേ കോവിഡ് കാലത്ത് അംശാദായം മുടങ്ങിയവർക്ക് പിഴത്തുകയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ, പരിമിതമായ കാലത്തേക്ക് മാത്രമാണ് ഇത് പ്രയോജനപ്പെട്ടത്.
ഇതിനുശേഷം പിഴ മുടങ്ങിയവർക്കാണ് വൻ തുക പിഴ വന്നത്. പ്രവാസി ക്ഷേമനിധി അംഗത്വം ഈ സർക്കാരിന്റെ കാലത്ത് 1.1 ലക്ഷത്തിൽ നിന്ന് 5.06 ലക്ഷമായി ഉയർന്നതായി ബോർഡ് വ്യക്തമാക്കുന്നു. വിദേശത്തുള്ളവർക്ക് 3500 നാട്ടിലുള്ളവർക്ക് 3000 രൂപയുമാണ് ഇപ്പോൾ പെൻഷനായി ലഭിക്കുന്നത്.
വിദേശത്തുള്ളവർക്കുള്ള പെൻഷൻ 5000 രൂപയായും നാട്ടിൽ മടങ്ങിയെത്തിയവരുടേത് 4000 രൂപയായും ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. നാട്ടിലുള്ളവർക്ക് 200 രൂപയും വിദേശത്തുള്ളവർ 350 രൂപയുമാണ് പ്രവാസി ക്ഷേമനിധി വിഹിതമായി അടക്കേണ്ടത്. ഗൂഗ്ൾ പേ, പേടിഎം തുടങ്ങിയ യു.പി.ഐ അധിഷ്ഠിത സംവിധാനങ്ങൾ വഴി അംശാദായം അടക്കാൻ പ്രവാസികളെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.
നിലവിൽ ഓൺലൈൻ ബാങ്കിങ് സംവിധാനത്തെയോ നാട്ടിലെ അക്ഷയ കേന്ദ്രങ്ങളെയോ ആണ് അംശാദായം അടക്കാനായി ആശ്രയിച്ചിരുന്നത്. യു.പി.ഐ അധിഷ്ഠിത സംവിധാനങ്ങൾ വഴി അംശാദായം അടക്കാൻ കഴിയുന്നതോടെ അടവ് മുടങ്ങുന്നത് ഒരു പരിധി വരെ ഒഴിവാകുമെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.