ഫാദർ ബിനു തോമസ് (മാർത്തോമ ചർച്ച്, ഒമാൻ)
ഒരിക്കൽ കൂടി ക്രിസ്മസ് സമാഗതമായിരിക്കുന്നു. ലോകം എങ്ങും ആഘോഷത്തിമിർപ്പിലേക്കു ചുവടുകൾ വെക്കുന്നു. പുതുവർഷം പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ഈ സന്തോഷം സർവലോകത്തിനും അവകാശപ്പെട്ടതാണെന്ന ബോധം നമ്മെ ഭരിക്കേണ്ടതുണ്ട്. ആഘോഷം ആർഭാടത്തിനും അഹങ്കാരത്തിനും വഴിമാറാതെ സമചിത്തതയോടെ വിനയത്തോടെ ഈ ആഘോഷത്തിൽ പങ്കുകാരാകണം. തിരുജനനവും ക്രൂശാരോഹണവും രക്ഷാകരമായ മനുഷ്യാവതാരത്തിന്റെ രണ്ടു വശങ്ങളാണ്.
ദൈവത്തിനു മനുഷ്യനോടുള്ള ആഴമേറിയ സ്നേഹത്തിന്റെ പ്രദർശനങ്ങളാണിത്. ക്രിസ്മസിന്റെ ആഘോഷത്തിമിർപ്പിൽ കുരിശിലെ പരമയാഗത്തിന്റെ സ്നേഹഗീതങ്ങൾ മറന്നു പോകരുത്. കുരിശിലെ സ്നേഹം വിസ്മരിച്ചുകൊണ്ടു നമുക്ക് ആഘോഷം നടത്തുവാൻ അവകാശമില്ല.
പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങൾ, നിസ്സഹായതയിലും ഏകാന്തതയിലും കഴിയുന്ന വയോധിക സമൂഹം, മാതാപിതാക്കളുടെ കരുതൽ ലഭിക്കാത്ത കുട്ടികൾ, ലഹരിക്ക് അടിമകളായി ജീവിതം നഷ്ടമാകുന്ന യുവസമൂഹം, ഇവയെല്ലാം ക്രിസ്മസ് ആഘോഷത്തിന്റെ വിശാലമായ ക്യാൻവാസിൽ ഇടം ലഭിക്കേണ്ടവരാണ്. ഓരോ ക്രിസ്മസും പുതുവത്സരത്തിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീക്ഷ പകർന്നു നൽകുന്നു. അന്ധകാരത്തിലും മരണനിഴലിലും കഴിയുന്നവർക്ക് പ്രകാശമായി പുതുപ്രതീക്ഷയായി ക്രിസ്മസ് കടന്നു വരുന്നു.
നിഷ്കളങ്കരായ ആട്ടിടയന്മാരും വിജ്ഞാനികളായ വിദ്വാന്മാരും പ്രകൃതി മുഴുവനും സന്തോഷിക്കുന്ന ഈ സുന്ദരമുഹൂർത്തത്തിൽ ഭൂമി സ്വർഗ്ഗമായിത്തീരുന്നു. ഭൂമിയും അതിന്റെ പൂർണ്യതയും യഹോവക്കുള്ളതാകുന്നു.
എന്ന ഉത്തമബോധ്യത്തിൽ ഭൂമിയുടെ സംരക്ഷകരായി ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. പ്രകൃതി- മനുഷ്യ- ദൈവ വിരുദ്ധങ്ങളായ ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കാം. ഏവർക്കും നന്മ നിറഞ്ഞ ക്രിസ്മസ്സും അനുഗ്രഹപൂർണമായ പുതുവത്സരവും ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.