മസ്കത്ത്: ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും സ്വന്തമാക്കി രാജ്യത്തെ പ്രമുഖ ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ കമ്പനിയായ ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്. പയറു വർഗങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിഭാഗത്തിലാണ് രണ്ടാം തവണയും ശ്രദ്ധേയമായ നേട്ടം കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഷെറാട്ടൺ ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്നും ഷാഹി ഫുഡ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ, സ്പോൺസർമാരായ ഇബ്രാഹിം അൽ റവാഹി, സഈദ് അൽ റാവാഹി എന്നിവർ ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി. സുൽത്താനേറ്റിലെ മുൻനിര പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ഏർപ്പെടുത്തിയത്. പൊതുജനങ്ങളിൽനിന്നു പരമാവധി വോട്ട് നേടുന്ന ബ്രാൻഡുകൾക്കാണ് ‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്’ പുരസ്കാരം നൽകുന്നത്.
അപെക്സ് മീഡിയ ചെയർമാനും മസ്കത്ത് ഡെയിലി ചീഫ് എഡിറ്ററും ആയ സാല അൽ സക്കുവാനി അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു. പത്തു ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ രണ്ടു മാസത്തോളമായി നടത്തിയ ഓൺലൈൻ വോട്ടിങ്ങിലൂടെയാണു വിജയികളെ തിരഞ്ഞെടുത്തത്. ഉപഭോക്താക്കൾ നൽകിയ അംഗീകാരത്തിനു ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫും സ്പോൺസർമാരായ ഇബ്രാഹിം അൽ റവാഹിയും സഈദ് അൽ റാവാഹിയും പറഞ്ഞു. സ്ഥാപനത്തിൽ അർപ്പിച്ച വിശ്വാസം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണെന്നും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ എന്നും ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അവർ പറഞ്ഞു.
1986ൽ പ്രവർത്തനം ആരംഭിച്ച ഷാഹി ഫുഡ്സ് ഒമാനിലെ ഏറ്റവും വലിയ ഭക്ഷ്യ ശൃംഖലയാണ്. മസാലകൾ, ഡ്രൈ ഫ്രൂട്സ്, അറബിക് കോഫി, പയർ വർഗങ്ങൾ എന്നീ വിഭാഗങ്ങളിലായി ഇരുനൂറിൽപരം ഭക്ഷ്യ ഉൽപന്നങ്ങളാണ് ഷാഹി വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.