മസ്കത്ത്: കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ നീങ്ങിയശേഷം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ അതിവേഗം രാജ്യം മുന്നേറുന്നു. ഇക്കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഒമാനുള്ളത്. ഓസ്ട്രിയ, യു.എ.ഇ, ഡൊമിനിക് റിപ്പബ്ലിക്, അണ്ടോറ, നെതർലൻഡ്സ്, ഖത്തർ എന്നിവക്കു ശേഷമാണ് ഒമാൻ സ്ഥാനം പിടിച്ചിരിക്കുന്നത്.
84 യാത്ര സൂചികകൾ അടിസ്ഥാനമാക്കി സ്കിഫ്റ്റ് റിസർച് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കോവിഡിനുശേഷം ലോകതലത്തിൽ യാത്രകൾ മുൻകാലത്തിന് സമാനമായ അവസ്ഥയിലെത്തിയത് ഈ വർഷം ഏപ്രിൽ മാസത്തിലാണ്. 2020ലെ ഏപ്രിലിൽ വ്യോമ ഗതാഗത മേഖല ചരിത്രത്തിലെ ഏറ്റവും വലിയ കൂപ്പുകുത്തലിലേക്ക് തകർന്നടിഞ്ഞതിൽനിന്നാണ് കൃത്യം മൂന്നു വർഷത്തിനകം വൻ തിരിച്ചുവരവ് അടയാളപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെ പല ഭാഗങ്ങളിലും 2019ലെ യാത്ര സാഹചര്യത്തിലേക്ക് പൂർണമായും എത്തിച്ചേരാൻ സാധിച്ചിട്ടില്ല. എന്നാൽ, ഒമാൻ അടക്കമുള്ള പശ്ചിമേഷ്യ, പൂർണമായും കോവിഡ് പൂർവകാലത്തിന് സമാനമായ സാഹചര്യത്തിലേക്ക് വളർന്നു കഴിഞ്ഞിട്ടുണ്ട്.
കോവിഡിനുശേഷം ഒമാന്റെ വ്യോമയാന മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് സിവിൽ ഏവിയേഷൻ വൃത്തങ്ങൾ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. നിലവിൽ 2019ലെ സാഹചര്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന മേഖലയിലെ വിമാനത്താവള ഓപറേഷനുകൾ 70ശതമാനം പൂർവ സ്ഥിതിയിലായിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ മേഖല ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
വരും മാസങ്ങളിൽ കൂടുതൽ വിമാന സർവിസുകളും യാത്രക്കാരും ഉണ്ടാകുന്നതോടെ പഴയ പ്രതാപത്തിലേക്ക് പൂർണമായും എത്തിച്ചേരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതീക്ഷിക്കുന്നത്. 2023ലെ ആദ്യ ആറുമാസത്തിൽ മാത്രം യാത്രക്കാരുടെ എണ്ണത്തിൽ 30.3ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് 19.8ലക്ഷം പേരാണ് ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്തത്.
അതേസമയം, കഴിഞ്ഞ വർഷം ഈ കാലയളവിൽ 8.42ലക്ഷം പേർ മാത്രമാണ് യാത്രചെയ്തിരുന്നത്. എയർക്രാഫ്റ്റ് ട്രാഫിക്കിലും വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞ മാസങ്ങളിൽ സാധിച്ചു. 28.4ശതമാനമാണ് ഇക്കാര്യത്തിൽ വളർച്ച രേഖപ്പെടുത്തിയത്. ഈ വർഷം ജൂൺ വരെ വിമാനത്താവളങ്ങളിലെ വിമാന സർവിസുകളുടെ എണ്ണം 9784 ആണ്. 2022ലെ ഇതേ കാലയളവിൽ 7622 ആയിരുന്നതാണ് വലിയ അളവിൽ വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.