മസ്കത്ത്: ഒമാനിൽ ഇലക്ട്രിക്സ്കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ആശങ്കയും ഉയർന്നു. ഓഫിസിൽ പോകുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് സ്ത്രീകളും ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ അപകട സാധ്യതയും വർധിക്കുന്നു.
താരതമ്യേന ചെലവു കുറഞ്ഞതും സമയം ലാഭിക്കാൻ കഴിയുന്നതും ആയതിനാൽ നിരവധി പേരാണ് ഇപ്പോൾ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത്. റോഡുകളിലെ ഗതാഗത തിരക്ക് ഒഴിവാക്കാനും പാർക്കിങ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും നിരവധി പേർ ഇ-സൈക്കിളുകളിലേക്ക് നീങ്ങുന്നുണ്ട്. എന്നാൽ, പ്രധാന റോഡുകളിൽ അവ ഉപയോഗിക്കരുതെന്ന് ആർ.ഒ.പി ഉപയോക്താക്കൾക്കു മുന്നറിയിപ്പ് നൽകി. അവ ഗതാഗതം തടസ്സപ്പെടുത്തുകയും അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതു കാരണം തലക്കു പരിക്കേൽക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ പ്രധാന റോഡുകൾ കൈവശപ്പെടുത്തുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും 70 സി.സിയിൽ താഴെയുള്ള ബൈക്കുകൾ റോഡുകളിൽ ഓടിക്കാൻ അനുവദിക്കില്ല എന്നും ആർ.ഒ.പി വക്താവ് പറഞ്ഞു. എന്നിരുന്നാലും, കാൽനടയാത്രക്കാർക്ക് അസൗകര്യമോ അപകടമോ ഉണ്ടാക്കാതെ നടപ്പാതകളിലും മറ്റും അവ ഉപയോഗിക്കാം.
ഓഫിസ് അടക്കമുള്ള ദിനേന സഞ്ചരിക്കേണ്ട ചുരുങ്ങിയ ദൂരത്തേക്കു യാത്ര ചെയ്യുന്നവരാണ് ഇ-സൈക്കിളുകൾ ഏറെ ഉപയോഗിക്കുന്നത്. ചെലവ് തീരെകുറവായതും പലരെയും ഇതിലേക്കു ആകർഷിക്കുന്നു. 150-250 റിയാൽ വിലയിൽ ഇ-സ്കൂട്ടറുകൾ ഓൺലൈനിൽ ലഭ്യമാണ്.
അന്തരീക്ഷ മലിനീകരണവും മറ്റു പ്രശ്നങ്ങളും ഒഴിവാക്കാൻ ഇലക്ട്രോണിക് വാഹനങ്ങൾ സഹായകമായതിനാൽ അധികൃതർ ഇത് പ്രോൽസാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഇ-സൈക്കിളുകൾ വർധിക്കുന്നതു അപകട സാധ്യതയും ഉയർത്തുന്നുണ്ട്.
തിരക്കുള്ള നിരത്തുകളിൽ ഉപയോഗിക്കുന്നത് വാഹനം ഓടിക്കുന്നവർക്ക്തന്നെ വലിയ സുരക്ഷ ഭീഷണിയാണ്. നിലവിൽ നഗരങ്ങളിൽ സൈക്കിളുകളും ഇ -സൈക്കിളുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
യാത്ര ആവശ്യങ്ങൾക്ക് പുറമെ ചരക്കുകൾ എത്തിക്കാനും ഡെലിവറിക്കുമൊക്കെ പലരും ഇ -സൈക്കിളുകളും സൈക്കിളുകളും ഉപയോഗിക്കുന്നുണ്ട്. കാൽനട യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും പ്രയാസമുണ്ടാക്കി ഇത്തരം വാഹനങ്ങൾ ഓടിക്കുന്നവരും നിരവധിയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗതാഗത നിയമങ്ങൾ ലംഘിച്ചും സൈക്കിളും ഇ -സ്കൂട്ടറുകളും ഉപയോഗിക്കുന്നവരും നിരവധിയാണ്. സുരക്ഷാ ജാക്കറ്റുകളിടാതെയും രാത്രി കാലങ്ങളിൽ ലൈറ്റുകൾ കത്തിക്കാതെയും യാത്ര ചെയ്യുന്നത് വൻ അപകടങ്ങൾ വിളിച്ച് വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.