മസ്കത്ത്: ഇസ്ലാം മത വിശ്വാസികളുടെ പുണ്യമാസം പടിവാതിൽക്കലെത്തി നിൽക്കെ നാടും നഗരവും റമദാൻ ഒരുക്കങ്ങളിലേക്ക്. റമദാന്റെ ആരവവും പ്രഭയുമില്ലാത്ത രണ്ടു കോവിഡ് കാലത്തിനുശേഷം നിയന്ത്രണങ്ങളില്ലാത്ത പുണ്യമാസത്തിനുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ. കോവിഡിന് മുമ്പുള്ള രീതിയിൽ ആചരിക്കാൻ കഴിയില്ലെങ്കിലും റമദാനിൽ ലോക് ഡൗണില്ലാത്തതിൽ ആശ്വസിക്കുന്നവരാണ് വിശ്വാസികൾ.
അതോടൊപ്പം, ചൈനയിൽനിന്ന് വരുന്ന പുതിയ കോവിഡ് വകഭേദ വാർത്തകളിൽ ആശങ്കപ്പെടുന്നവരും നിരവധിയാണ്. വിശുദ്ധ മാസത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മസ്ജിദുകൾ വിശ്വാസികളെ സ്വീകരിക്കാൻ ഒരുക്കം തുടങ്ങി. അൽ ഖുവൈറിലെ സവാബി മസ്ജിദ് അടക്കം ചില പള്ളികളിൽ അറ്റകുറ്റപ്പണിയും സൗകര്യങ്ങൾ വർധിപ്പിക്കലും പുരോഗമിക്കുകയാണ്. കോവിഡ് ഭീതി പൂർണമായി ഒഴിവാകാത്തതിനാൽ മസ്ജിദുകളിൽ കൂടുതൽ സൗകര്യവും വർധിപ്പിക്കേണ്ടിവരും. കൂടുതൽ വിശ്വാസികളെത്താൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകളും ശക്തമാക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞെങ്കിലും റമദാന്റെ ഭാഗമായ ഇഫ്താറുകൾ ഈവർഷം സജീവമാവാൻ സാധ്യതയില്ല. കോവിഡിന് മുമ്പുള്ള റമദാനുകളിൽ മസ്ജിദുകളിലും മറ്റും സംഘടിപ്പിക്കാറുള്ള ഇഫ്താറുകളിൽ ആയിരങ്ങൾ പങ്കെടുക്കാറുണ്ട്. റൂവി ഖാബൂസ് മസ്ജിദ് അടക്കമുള്ള മസ്ജിദുകളിലെ ഇഫ്താറുകളിൽ വമ്പിച്ച വിശ്വാസി സാന്നിധ്യം ഉണ്ടാവാറുണ്ടായിരുന്നു. ഇതിനായി വലിയ ഒരുക്കങ്ങൾ മുൻകൂട്ടി നടത്താറുണ്ട്. മസ്ജിദിന്റെ വിശാലമായ പാർക്കിങ് ഏരിയയാണ് ഇഫ്താറിന് ഒരുക്കാറുള്ളത്. എന്നാൽ, ഈ വർഷവും കോവിഡ് ഭീതി കാരണം മസ്ജിദുകളിൽ ഇഫ്താറുകൾ നടക്കാൻ സാധ്യതയില്ല.
നിരവധി സംഘടനകളും സ്ഥാപനങ്ങളും ഒരുക്കുന്ന ഇഫ്താറുകളും ഈ വർഷം കുറയും. ഇഫ്താറുകൾ കുടുംബങ്ങളിൽ മാത്രം ഒതുങ്ങും. എന്നാൽ, ഇഫ്താർ വിഭവവും പാക്കേജുമായി ഈവർഷം ഹോട്ടലുകൾ സജീവമായി രംഗത്തുണ്ടാവും. റുവി അടക്കമുള്ള നഗരങ്ങളിൽ ഹോട്ടലുകളും കഫ്റ്റീരിയകളും അടുത്തിടെ ഗണ്യമായി വർധിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ വർധിച്ചതോടെ ഇവർക്കിടയിൽ മത്സരവും ആരംഭിച്ചിട്ടുണ്ട്. റമദാനിലും ഇത്തരം സ്ഥാപനങ്ങളുടെ പിടിച്ചുനിൽക്കലിന്റെ ഭാഗമായി ഓഫറുകളും പാക്കേജുകളും ഉണ്ടാവും. കഴിഞ്ഞവർഷം രാത്രികാല കർഫ്യൂ ഉണ്ടായിരുന്നെങ്കിലും പല ഹോട്ടലുകളിലും നല്ല വ്യാപാരം നടന്നിരുന്നു. ഈ വർഷം ഇത്തരം നിയന്ത്രണങ്ങളില്ലാത്തതിനാൽ പല ഹോട്ടലുകളും പുലർച്ചവരെ തുറന്നു പ്രവർത്തിക്കും.
റമദാന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റ് , നെസ്റ്റോ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളും ഓഫറുകളുമായി രംഗത്തുണ്ട്. ചില ഹൈപ്പർമാർക്കറ്റുകൾ ഒരു മാസത്തെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും റമദാൻ ഉൽപന്നങ്ങളും റമദാൻ ഭക്ഷ്യ വിഭവങ്ങളുമാണ് ഓഫറിൽ എത്തിയിരിക്കുന്നത്. ഓഫറുകൾ ആരംഭിച്ചതോടെ വ്യാപര സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.