മഴ തുടരുന്നു; ജാഗ്രത പാലിക്കാം

മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. അല്‍ ഹജര്‍ പര്‍വതനിരകൾ, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത്. പലയിടത്തും ശക്തമായ കാറ്റും ഇടിയും അനുഭവപ്പെട്ടു. ആലിപ്പഴവും വർഷിച്ചു. അനിഷ്ട സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉൾ ഭാഗങ്ങളിലെ റോഡുകളിൽ വെള്ളം കയറി ഗതാഗതതടസ്സവും നേരിട്ടു. സിവിൽ ഡിഫൻസും റോയൽ ഒമാൻ പൊലീസും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ട്.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കന്‍ ശര്‍ഖിയ, മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, വടക്കൻ ബാത്തിന, ബുറെമി, തെക്കൻ ബാത്തിന, ദാഹിറ ദാഖിലിയ ഗവര്‍ണറേറ്റുകളിലും മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സ്ഥലങ്ങളിൽ 20 മുതൽ 80 മില്ലി മീറ്റർ വരെ മഴ ലഭിക്കും. വാദികൾ നിറഞ്ഞുകവിയാൻ സാധ്യതയുള്ളതിനാൽ മുറിച്ചുകടക്കാൻ ശ്രമിക്കരുത്. കടലിൽ പോകരുതെന്നും നിർദേശം നൽകി. താഴ്ന്ന സ്ഥലങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 50 മുതൽ 80 കിലോമീറ്ററായിരിക്കും കാറ്റിന്‍റെ വേഗം. പൊടി ഉയരുന്നതിനാൽ ദുരക്കാഴ്ചയെയും ബാധിച്ചേക്കും. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മുൻകരുതൽ നടപടി സ്വീകരിക്കണം -സി.ഡി.എ.എ, ആർ.ഒ.പി

മസ്‌കത്ത്: വരും ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (സി.ഡി.എ.എ), റോയൽ ഒമാൻ പൊലീസും (ആർ.ഒ.പി) ജനങ്ങളോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.ഡി.എ പ്രസ്താവനയിൽ പറഞ്ഞു. വാദികൾക്ക് സമീപവും മരങ്ങൾക്ക് ചുവട്ടിലും നിൽക്കരുത്.

വൈദ്യുതി ഉപകരണങ്ങളിൽനിന്ന് അകന്നുനിൽക്കണം. ബീച്ചുകളിൽ നീന്തരുതെന്നും കുട്ടികളെ വാദികളിലേക്കും വെള്ളം കെട്ടിനിൽകുന്ന സ്ഥലങ്ങളിലേക്കും കളിക്കാൻ വിടരുതെന്നും നിർദേശം നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി അധികാരികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സി.ഡി.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒഴുക്കിന് സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആർ.ഒ.പിയും നിർദേശിച്ചു. വാഹനവുമായി വാദികൾ മുറിച്ചുകടക്കരുതെന്നും മഴയത്ത് വാഹനമോടിക്കുമ്പോൾ മതിയായ അകലം പാലിക്കണമെന്നും ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - The rain continues; Be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.