മസ്കത്ത്: രാജ്യത്തെ എല്ലാ മതന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. മസ്കത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക വിഭാഗത്തിന് സർക്കാർ പ്രീണനം ചെയ്യുന്നുണ്ടോ എന്ന സംശയമുണ്ട്.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അർഹതപ്പെട്ട അവകാശങ്ങൾ തടഞ്ഞുകൊണ്ടായിരിക്കരുത് മറ്റൊരു വിഭാഗത്തെ തൃപ്തിപ്പെടുത്തേണ്ടത്. രാഷ്ട്രീയമായ വീക്ഷണങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നത് അക്രമത്തിലേക്ക് നയിച്ചുകൊണ്ടാകരുത്. ഇത്തരം അക്രമപ്രവർത്തനങ്ങൾ പ്രബുദ്ധ കേരള സംസ്കാരത്തിന് യോജിച്ചതല്ല. സമകാലീന കേരളത്തിലെ സാമൂഹിക അന്തരീക്ഷം കലുഷിതമാണ്.
കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം വീണ്ടെടുക്കാൻ എല്ലാ മത-രാഷ്ട്രീയ നേതാക്കളും ഒരുമിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഇടവകാംഗങ്ങളിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ച് പള്ളികളിന്മേലുള്ള അവകാശം തീരുമാനിക്കാൻ നിയമനിർമാണം നടത്തണമെന്ന നിയമപരിഷ്കരണ കമീഷന്റെ ശിപാർശ അംഗീകരിക്കില്ല. നിയമനിർമാണവുമായി മുന്നോട്ടുപോകുകയാണെങ്കിൽ നിയമപരമായി തന്നെ നേരിടും.
കോടതിക്ക് പുറത്ത് കാര്യങ്ങൾ പരിഹരിക്കാമെന്ന് തോന്നുന്നില്ലെന്നും കാതോലിക്ക ബാവ വ്യക്തമാക്കി. സഭയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സാമൂഹികസേവനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ്, സഹവികാരി ഫാ. എബി ചാക്കോ, ഇടവക ട്രസ്റ്റി ജാബ്സൺ വർഗീസ്, കോ ട്രസ്റ്റി ബിനു കുഞ്ചാറ്റി, സെക്രട്ടറി ബിജു പരുമല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.