മസ്കത്ത്: തിയറ്റർ ഗ്രൂപ്പിന്റെ എട്ടാമത് നാടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുൻ വർഷങ്ങളിലെപ്പോലെ ലോക നാടക ദിനമായ മാർച്ച് 27ന് മസ്കത്തിലെ നാടക-സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്നു. മുൻ നാടകങ്ങളിൽനിന്നും വ്യത്യസ്തമായി ഇത്തവണ ആക്ഷേപ ഹാസ്യരൂപത്തിലുള്ള നാടകം ‘ഏഴ് രാത്രികൾ’ ഡിസംബർ 13ന് അൽ ഫലജ് ഹോട്ടലിൽ അരങ്ങേറും. കാലടി ഗോപി രചന നിർവഹിക്കുന്ന നാടകത്തിന്റെ രംഗഭാഷ ഒരുക്കുന്നത് അൻസാർ ഇബ്രാഹിം ആണ്. ആർട്ടിസ്റ്റ് കലാരത്ന സുജാതൻ മാസ്റ്റർ രംഗപടവും പ്രഫ. ഏറ്റുമാനൂർ സോമദാസൻ ഗാനരചനയും എം.കെ. അർജുനൻ സംഗീത സംവിധാനവും നിർവഹിക്കും.
1960കളിൽ അരങ്ങിലെത്തിയ ‘ഏഴ് രാത്രികൾ’ ജീവിതത്തിൽ നിന്നും സമൂഹത്തിൽനിന്നും പുറം തള്ളപ്പെട്ടുപോകുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്ത തെരുവിലെ യാചകരുടെ അവസ്ഥയാണ് വിശദീകരിക്കുന്നത്. അനശ്വര കഥാപാത്രങ്ങളായ പാഷാണം വർക്കിയും ചട്ടുകാലി മറിയവും കൂനൻ പരമവുമെല്ലാം പ്രവാസലോകത്തിലെ കലാകാരന്മാരിലൂടെ പുനർജനിക്കുവാൻ ഒരുങ്ങുന്നത് മസ്കത്തിലെ നാടക ആസ്വാദകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ഹാസ്യത്തിന്റെ മേമ്പൊടിയോടെ വലിയൊരു സാമൂഹിക വിഷയമാണ് തിയറ്റർ ഗ്രൂപ്പ് തങ്ങളുടെ എട്ടാമത് നാടകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. തിയറ്റർ ഗ്രൂപ്പിന്റെ അമരക്കാരനും സംവിധായകനുമായ അൻസാർ ഇബ്രാഹിമാണ് പ്രൗഢ ഗംഭീരമായ സദസ്സിൽ ലോക നാടക ദിനത്തിൽ നാടക പ്രഖ്യാപനം നടത്തിയത്. തിയറ്റർ ഗ്രൂപ്പ് മസ്കത്തിന്റെ കോർ കമ്മിറ്റി അംഗങ്ങളായ അനിൽ കടക്കാവൂർ, അൻസാർ അബ്ദുൽ ജബ്ബാർ, സുധ രഘുനാഥ്, ഉദയൻ തൃക്കുന്നപ്പുഴ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിങ് കൺവീനർ അജിത് വാസുദേവൻ, കേരള വിങ് കോകൺവീനർ കെ.വി. വിജയൻ എന്നിവരുൾപ്പെടെ സാമൂഹിക -സാംസ്കാരിക മേഖലകളിലെ നിരവധിപേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.