മസ്കത്ത്: 2016ലെ ആ കറുത്തദിനം ഓർക്കുമ്പോൾ യമനി സ്വദേശിനിയായ റാഫ യഹ്യയക്ക് ഇപ്പോഴും ഒരു മരവിപ്പാണ്. ജീവിതനിറങ്ങളിലേക്ക് നടന്നുനീങ്ങിയിരുന്ന കാലുകൾ ഇല്ലാതായത് ഒരുനിമിഷം കൊണ്ടായിരുന്നു. അൽജൗഫ് ഗവർണറേറ്റിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ഇവരുടെ വലതുകാൽ മുട്ടിനു മുകളിൽ നഷ്ടപ്പെട്ടു. പിന്നീടുള്ള ജീവിതം ഊന്നുവടിയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ വീണ്ടും ജീവിതത്തിലേക്ക് നടന്നുതുടങ്ങി.
സലാലയിലെ കൃത്രിമ അവയവങ്ങൾക്കായുള്ള കേന്ദ്രത്തിൽ (അറേബ്യൻ പ്രോസ്തെറ്റിക്സ് സെന്ററിൽ) റാഫ യഹ്യയ ഉൾപ്പെടെ 50ഓളം യമൻ സ്വദേശികൾക്കാണ് കൃത്രിമ കൈകാലുകളും മറ്റും നൽകിയത്. ഒരുമാസത്തോളം നീണ്ടുനിന്ന പരിശീലനത്തിലൂടെയാണ് പലരും ജീവിതത്തിലേക്ക് വീണ്ടും നടന്നുതുടങ്ങിയത്. കൈകാലുകളും മറ്റും വെച്ചു പിടിപ്പിച്ചശേഷം വിദഗ്ധരുടെ പരിശീലനവും നൽകിയിരുന്നു. ഹജ്ജ ഗവർണറേറ്റിൽ കുഴി ബോംബ് സ്ഫോടനത്തിനിടെ പരിക്കേറ്റ അഷ്റഫ് യഹ്യ വീൽ ചെയറിലായിരുന്നു വർഷങ്ങളായി കഴിഞ്ഞിരുന്നത്. എന്നാൽ, കൃത്രിമ കാലുകൾ വെച്ചശേഷം വീണ്ടും നടക്കാൻ കഴിഞ്ഞത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് യമൻ സ്വദേശികൾ നന്ദി അറിയിക്കുകയും ചെയ്തു.
യമനിലെ ആഭ്യന്തര സംഘർഷത്തിനിടെ പരിക്കേറ്റ പത്താമത് ബാച്ചിനാണ് സലാലയിലെ പ്രോസ്തെറ്റിക്സ് സെന്റർ വഴി കൃത്രിമ കൈകാലുകളും മറ്റും നൽകിയത്. വിവിധ ഘട്ടങ്ങളിലൂടെ ഇതുവരെ 600 പേർക്കാണ് സെന്റർ കാരുണ്യത്തിന്റെ വാതിലുകൾ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.