മസ്കത്ത്: ഒമാനിലെ സാമൂഹിക പ്രവർത്തകനും ലോകകേരള സഭാംഗവുമായ സിദ്ദിക്ക് ഹസന്റെ രണ്ടാമത്തെ പുസ്തകം ‘കേരളത്തിലെ മുപ്പത് സ്വാതന്ത്ര്യസമര സേനാനികൾ’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഹണി ഭാസ്കർ നെല്ലറ ഗ്രൂപ് എം.ഡി നെല്ലറ ഷംസുവിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ദുബൈയിലെ ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി, അധ്യാപകനും എഴുത്തുകാരനുമായ നിസാർ ഇൽത്തുമിഷ്, മോട്ടിവേറ്റർ ഷിഹാബുദ്ദീൻ, എഴുത്തുകാരൻ ഗോപാൽജി, ലുലു ഗ്രൂപ്പിന്റെ ജനറൽ മാനേജർ ആഷിക് തിരൂർ, ലിപി അക്ബർ എന്നിവർ പങ്കെടുത്തു. പ്രകാശനച്ചടങ്ങിന് തൊട്ടുമുമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എത്തി ചടങ്ങിന് ആശംസകൾ നേർന്നു.
നേരത്തേ കേരളത്തിലെ നൂറ് നവോത്ഥാന നായകരെക്കുറിച്ചുള്ള പുസ്തകം രചിച്ചതിൽനിന്നുള്ള പ്രചോദനമാണ് രണ്ടാമത്തെ പുസ്തകമെഴുതാൻ പ്രേരണയായാതെന്ന് സിദ്ദിക്ക് ഹസൻ പറഞ്ഞു. ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിൽ കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, എ.കെ.ജി, വി.എസ്. അച്യുതാനന്ദൻ, ഇ.എം.എസ് തുടങ്ങിയ മുപ്പതുപേരുടെ പോരാട്ടങ്ങളുടെ ലഘു കുറിപ്പുകളാണുള്ളത്. മുൻമന്ത്രിയും മുൻ നിയമസഭ സ്പീക്കറുമായ പി.പി. തങ്കച്ചന്റേതാണ് അവതാരിക.
എറണാകുളം ജില്ലയിലെ പള്ളിക്കര സ്വദേശിയായ സിദ്ദിക്ക് ഹസൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി ഒമാനിലെ സാമൂഹിക രംഗത്തു സജീവമാണ്. ആദ്യ പുസ്തകമായ ‘കേരളത്തിലെ നൂറ് നവോത്ഥാന നായകർ’ എന്ന പുസ്തകത്തിന് മദ്രാസ് യൂനിവേഴ്സിറ്റിയുടെ അവാർഡ് ലഭിച്ചു. സബിതയാണ് ഭാര്യ. മുഹമ്മദ് സുഹൈൽ, മുഹമ്മദ് സാഹിൽ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.