മസ്കത്ത്: മലകയറ്റത്തിനും വാദികളിൽ സാഹസിക യാത്രകൾക്കും പോകുന്നവർ സുരക്ഷ ഉറപ്പാക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ മൂന്ന് അപകടങ്ങളിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ദാഖിലിയ ഗവർണറേറ്റിലെ ബിഡ്ബിദിൽ കഴിഞ്ഞ വെള്ളിയാഴ്ച മലമുകളിൽനിന്ന് വീണ യുവതി മരിച്ചു. ജബൽശംസിൽ മലമുകളിൽനിന്ന് യുവതി വീണതാണ് രണ്ടാമത്തെ സംഭവം. ഇവരെ പൊലീസ് ഏവിയേഷൻ വിഭാഗത്തിെൻറ സഹായത്തോടെ രക്ഷപ്പെടുത്തി ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ സംഭവം നടന്നത് ദോഫാറിലാണ്. ഷാത്ത് മേഖലയിൽ ഗുഹാ പര്യവേക്ഷണത്തിനു പോയ സ്വദേശിയാണ് മരിച്ചത്. സംഘാംഗങ്ങൾ ഏറെ ദൂരം സഞ്ചരിച്ച ശേഷം എത്തി വിവരമറിയിച്ചപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്.
മലകയറ്റത്തിനിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് മസ്കത്ത് ഹൈക്കിങ് ടീം മേധാവി മുഹമ്മദ് അലാവി പറയുന്നു. ശാരീരിക ക്ഷമതയും സഹനശക്തിയും ഉണ്ടാകണം. ശാരീരിക ക്ഷമതക്ക് അനുയോജ്യമായ രീതിയിലുള്ള ചെറിയ റൂട്ടുകളാണ് തുടക്കത്തിൽ തെരഞ്ഞെടുക്കേണ്ടത്. റൂട്ട് തെരഞ്ഞെടുത്ത് കഴിഞ്ഞാൽ ആ സ്ഥലത്തിെൻറ വിശദമായ മാപ് സംഘടിപ്പിക്കുന്നതിന് പുറമെ, കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കണം. കൂട്ടമായി വേണം പോകാൻ. മലകയറ്റത്തിന് അനുയോജ്യമായ വസ്ത്രങ്ങളും സംരക്ഷണ ഉപകരണങ്ങളും ധരിച്ചിരിക്കണം. കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള മലകയറ്റം മാത്രമാണ് പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മലകയറാൻ എത്തുന്നവർ ആവശ്യത്തിന് സമയം ഉറങ്ങിയിരിക്കണമെന്ന് പർവതാരോഹകനായ ഖാലിദ് സൈദ് പറയുന്നു. ഗുരുതര രോഗങ്ങൾ ഉള്ളവരും ആയിരിക്കരുത്. സുരക്ഷ സാമഗ്രികൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രേമ യാത്ര പോകാൻ പാടുള്ളൂ.
ഒപ്പം പോകുന്ന സ്ഥലത്തെ കുറിച്ച കൃത്യമായ വിവരം വീട്ടുകാരെ അറിയിക്കണം. ശാരീരികമായും മാനസികമായും പൂർണമായും യാത്രക്ക് ഒരുങ്ങിയിരിക്കണം. ക്ഷീണം അനുഭവപ്പെടുന്ന പക്ഷം യാത്ര നിർത്തുകയും സുഹൃത്തുക്കളുടെ സഹായം ആവശ്യപ്പെടുകയും വേണം. സോഷ്യൽ മീഡിയയിൽ ക്ഷണം കണ്ട് ഒരു മുന്നൊരുക്കവുമില്ലാതെ പോകുന്ന പ്രവണതകൾ കണ്ടുവരുന്നുണ്ട്. ഇത്തരം യാത്രകൾ ഒഴിവാക്കണം. കൃത്യമായുള്ള പദ്ധതികളും പരിശീലനങ്ങളുമില്ലാതെ യാത്ര പോകുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.