മസ്കത്ത്: മലയാളികളടക്കം പ്രവാസികൾ നാളുകളായി പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു യാത്രാവിലക്ക് നീക്കിയതായുള്ള ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രഖ്യാപനം. സെപ്റ്റംബർ ഒന്ന് ഉച്ച 12 മുതലാണ് പുതിയ പ്രവേശന നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നത്. റെസിഡൻറ് വിസക്കാർക്ക് പുറമെ ഓൺ അറൈവൽ വിസ ലഭിക്കുന്നവർക്കും ഒമാനിലേക്ക് പ്രവേശനാനുമതി ലഭിക്കും.
വാക്സിനേഷന് ഒപ്പം യാത്രക്ക് മുമ്പുള്ള നെഗറ്റിവ് പി.സി.ആർ പരിശോധനാ ഫലം കൈവശമുള്ളവരെ നിർബന്ധിത സമ്പർക്കവിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ ഒമാനിലെത്തുന്നതിന് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആർ പരിശോധനക്ക് വിധേയമാകേണ്ടത്. ഇവർക്ക് ഒമാനിലെത്തിയശേഷം പി.സി.ആർ പരിശോധന ഉണ്ടാകില്ല. നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റിൽ പരിശോധനാസമയം വ്യക്തമാക്കുന്ന ക്യൂ.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പി.സി.ആർ പരിശോധനാഫലമില്ലാതെ വരുന്നവർക്ക് വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയുണ്ടാകും. ഇവർക്ക് നിർബന്ധിത സമ്പർക്കവിലക്കും ബാധകമായിരിക്കും. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റിവ് ആകുന്നപക്ഷം 10 ദിവസത്തെ സമ്പർക്കവിലക്ക് ഉണ്ടായിരിക്കും.
കോവിഡിൽനിന്ന് മുക്തരായശേഷം വരുേമ്പാൾ പോസിറ്റിവ് കാണിക്കുന്നവർ നിശ്ചിത ദിവസം ഐസൊലേഷന് വിധേയമായതിെൻറ തെളിവ് കാണിച്ചാൽ മതിയാകും. വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത ആരോഗ്യസാഹചര്യങ്ങളുള്ളവർക്കും ഇളവ് ലഭിക്കും. 18 വയസ്സും അതിൽ താഴെയും പ്രായമുള്ളവർക്കും വാക്സിൻ, പി.സി.ആർ നിബന്ധനകളിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഒമാനിൽ അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്കായിരിക്കും പ്രവേശനാനുമതി. ഇന്ത്യയിൽനിന്ന് കോവിഷീൽഡ്, സ്പുട്നിക് വാക്സിനുകൾ സ്വീകരിച്ചവർക്കാണ് ഒമാനിലേക്ക് വരാൻ സാധിക്കുക. രണ്ടാമത്തെ ഡോസ് സ്വീകരിച്ചിട്ട് 14 ദിവസം കഴിഞ്ഞിരിക്കുകയും വേണം. വിമാനം കയറുന്നതിന് മുമ്പ് തറാസുദ് പ്ലസ് ആപ്ലിക്കേഷനിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും വാക്സിൻ, പി.സി.ആർ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുകയും വേണം.
ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് പിൻ വലിക്കാത്തതിനാൽ കഴിഞ്ഞ വർഷം നവംബറിൽ നിലവിൽവന്ന എയർ ബബിൾ കരാർ ആയിരിക്കും സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുക. ഇത് പ്രകാരം ഒമാൻ എയറും സലാം എയറും എയർ ഇന്ത്യ എക്സ്പ്രസുമാണ് ഇന്ത്യയിലേക്കും തിരിച്ചും സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.