മസ്കത്ത്: ടൈറ്റാനിയം ഡയോക്സൈഡ് (ഇ 171) അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനവും ഇറക്കുമതിയും വിപണനവും രാജ്യത്ത് നിരോധിക്കുന്നു. ജൂലൈ 22 മുതൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിച്ചാൽ 1,000 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കി ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ജനുവരിയിൽ, കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഭക്ഷ്യ സുരക്ഷ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് മന്ത്രിതല തീരുമാനം (നമ്പർ 11/2023) പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവിറങ്ങി ആറു മാസത്തിനുശേഷമാണ് നിയമം പ്രാബല്യത്തിൽ വരാൻ പോകുന്നത്. ഇ 171 എന്നപേരിൽ അറിയപ്പെടുന്ന ടൈറ്റാനിയം ഡയോക്സൈഡ് (TIO2) ഭക്ഷ്യവസ്തുക്കൾ നിറവും ഭംഗിയും നൽകാനാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം പെയിന്റുകൾ, കോട്ടിങ്ങുകൾ, ഫാർമസിക്യൂട്ടിക്കൽ, കോസ്മറ്റിക്, ടൂത്ത് പേസ്റ്റ് എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇ 171 തീരെ ചെറുതായതിനാൽ സൂക്ഷ്മഘടക വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരം സൂക്ഷ്മ ഘകടങ്ങൾ ഉള്ള ഉൽപന്നങ്ങൾക്ക് ശരീരത്തിന്റെ പ്രകൃതിദത്തമായ പ്രതിരോധ മാർഗങ്ങളെ മറികടന്ന് കരൾ, ശ്വാസകോശം, ദഹനേന്ദ്രിയ സംവിധാനം എന്നിവയിലേക്ക് പ്രവേശിക്കാൻ കഴിയും.
ഭക്ഷ്യവസ്തുക്കളിൽ കാൻഡി, കോഫി ക്രീമർ, ചില ബേക്കറി ഇനങ്ങൾ എന്നിവയിലും കേക്ക് അലങ്കരിക്കാനുമാണ് ഇ171 ഉപയോഗിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾക്ക് വെളുപ്പുനിറം നൽകാനും കാണാൻ ഭംഗിയുള്ളതാവാനും ഇതു ഉപയോഗിക്കുന്നുണ്ട്. ചില ഇനം പാൽ ഉൽപന്നങ്ങൾ, ചോക്ലറ്റുകൾ, ച്യൂയിങ്കം എന്നിവയിലും ഇവയുടെ ഘടകങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. ചെറിയ അളവിൽ ഇതു ശരീരത്തിൽ എത്തുന്നതിന് വലിയ കുഴപ്പമുണ്ടാക്കില്ലെങ്കിലും വലിയ അളവിൽ എത്തുന്നത് കാൻസർ, ഡി.എൻ.എ മാറ്റം എന്നിവക്കും കാരണമാക്കും. സൺക്രീമുകളിലും പേസ്റ്റുകളിലും ഇ 171 ഘടകങ്ങൾ ഉണ്ടെങ്കിലും വായിൽ ഉപയോഗിക്കുന്നത് അപകടമല്ലെന്ന് വിദഗ്ദർ പറയുന്നു. കണ്ണിൽ ഇവയുടെ ഘടകം എത്തുന്നത് കണ്ണ് ചൊറിക്ക് കാരണമാക്കും. ഇൻഹാലർ ചെയ്യുമ്പോൾ ഇ171 അംശങ്ങളുടെ ഘടകങ്ങൾ ഉള്ളിൽ കടക്കുന്നത് ശ്വാസകോശ കാൻസറിന് കാരണമാക്കുമെന്നും വിദഗ്ദർ പറയുന്നു. തൊലി പുറത്ത് ഇ 171 അംശങ്ങൾ എത്തുന്നത് ചൊറി അടക്കമുള്ളവക്ക് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.