മസ്കത്ത്: ആത്മ വിശുദ്ധിയുടെയും പാപ വിമലീകരണത്തിന്റെയും ധന്യ മുഹൂർത്തങ്ങളുമായെത്തിയ വിശുദ്ധ റമദാൻ പരിസമാപ്തിയിലേക്ക്. പകലന്തിയോളമുള്ള വിശപ്പും ദാഹവും രാവറ്റം വരെയുള്ള പ്രാർഥനകൾക്കും ശേഷം വിശുദ്ധ റമദാൻ വിട പറയുകയാണ്. ഈ റമദാനിലെ അവസാന വെള്ളിയാഴ്ചയാണ് ഇന്ന്. ഇതോടൊപ്പം റമദാൻ 27 കൂടി ആയതിനാൽ മസ്ജിദുകളിൽ ഇന്ന് വൻ ജനപ്രവാഹമായിരിക്കും.
പലർക്കും റമദാനിലെ നേട്ടങ്ങളും പോരായ്മകളും കൂട്ടിക്കിഴിക്കാനുള്ള അവസരം കൂടിയായിരിക്കും ഇന്ന്. വിതുമ്പുന്ന മനസ്സുമായാണ് ഇമാമുമാർ ഇന്ന് റമദാനിനോട് വിട പറയുക.
മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളിൽ റമദാനോട് വിടപറയൽ തന്നെയായിരിക്കും മുഖ്യ വിഷയം. റമദാനിൽ ചെയ്ത മഹത്കർമങ്ങൾ ദൈവ സമക്ഷം സ്വീകാര്യമാക്കാനും പോരായ്മകൾ പൊറുത്തു തരാനുമണ് ഇമാമുമാർ ഇന്ന് പ്രാർഥിക്കുക. പുണ്യമാസത്തോട് വിടപറയുന്നതിലുള്ള ആത്മ ദുഃഖവും ഇമാമുമാർ പങ്കുവെക്കും.
ഏറെ പുണ്യമുണ്ടെന്ന് കരുതുന്ന 27ാം രാവായിരുന്നു വ്യാഴാഴ്ച. ജിബ്രീൽ മാലാഖയും മലക്കുകളും മണ്ണിലിറങ്ങുന്ന ലൈലത്തുൽ ഖദ്ർ എന്ന പേരിൽ അറിയപ്പെടുന്ന പുണ്യരാത്രി കൂടിയാണിത്. അതിനാൽ വ്യാഴാഴ്ച രാത്രി എല്ലാ മസ്ജിദുകളും വ്യാഴാഴ്ച രാത്രി സജീവമായിരുന്നു. നിരവധി മസ്ജിദുകളുടെ വാതായനങ്ങൾ പുലരും വരെ വിശ്വാസികൾക്കായി തുറന്നിട്ടിരുന്നു. ഖുർആൻ പാരായണവും പ്രാർഥനയുമായി നിരവധി വിശ്വാസികൾ പള്ളികളിൽ തന്നെ തങ്ങിയിരുന്നു.
നിരവധി വിശ്വാസികൾ ഇന്ന് നേരത്തെ തന്നെ മസ്ജിദുകളിൽ ഇടം പിടിക്കും. അതിനാൽ വെള്ളിയാഴ്ച പ്രാർഥന തുടങ്ങുന്നതിന് ഏറെ മുമ്പുതന്നെ ആരാധനാലയങ്ങൾ നിറഞ്ഞ് കവിയും. ഏറെ നേരത്തെതന്നെ പള്ളിയും പരിസരവും ഖുർആൻ പാരായണം കൊണ്ടും പ്രാർഥനകൾ കൊണ്ടും മുഖരിതമാവും. വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞ് പുറത്തു വരുന്നതോടെ പലരും പെരുന്നാൾ തിരക്കിലേക്ക് തിരിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.