മസ്കത്ത്: ആവേശക്കാഴ്ചകൾ സമ്മാനിച്ച് 13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്കിളോട്ട മത്സരം ശനിയാഴ്ച ആരംഭിക്കും. ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരത്തിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച ആരംഭിക്കുന്ന മത്സരം ബുധനാഴ്ചയാണ് സമാപിക്കുക. അഞ്ച് ദിവസങ്ങളിലായി 867 കിലോമീറ്ററാണ് സൈക്കിളോട്ടക്കാർ പിന്നിടുക. ഒമാൻ ടീമും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. വലീദ് അൽ സമ്മിയാണ് ഒമാൻ ടീമിനെ നയിക്കുക. അബ്ദുറഹ്മാൻ അൽ യാഖൂബി, മാസിൻ അൽ റിയാമി, മുഹമ്മദ് അൽ വഹൈബി, അബ്ദുല്ല അൽ ഗൈലാനി, മുന്ദർ അൽ ഹസനി, സൈദ് അൽ റബ്ഹി, സൈഫ് അൽ അംറി എന്നിവരാണ് ഒമാൻ ടീമിലുള്ളത്.
ടൂർ ഓഫ് ഒമാന് മുന്നോടിയായി നടക്കുന്ന മസ്കത്ത് ക്ലാസിക് റേസിന്റെ രണ്ടാം പതിപ്പ് വെള്ളിയാഴ്ച നടക്കും. ഇതിൽ 174.3 കിലോമീറ്റർ ദൂരമാണ് മത്സരാർഥികൾ താണ്ടേണ്ടത്. അൽ മൗജ് മസ്കത്തിൽ നിന്ന് ആരംഭിക്കുന്ന മത്സരം വിവിധ വീഥികളിലൂടെ കടന്ന് അൽ ബുസ്താനിൽ സമാപിക്കും ഒമാൻ സൈക്ലിങ് അസോസിയേഷന്റെയും നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് മസ്കത്ത് ക്ലാസിക് സംഘടിപ്പിക്കുന്നത്.
ടൂർ ഓഫ് ഒമാൻ ശനിയാഴ്ച മനയിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്നാണ് ഒന്നാം ഘട്ടം ആരംഭിക്കുക. 181.5 കിലോമീറ്റർ പിന്നിട്ട ശേഷം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് ഒന്നാം ദിവസത്തെ മത്സരം അവസാനിക്കുക. രണ്ടാം ദിവസമായ ഞായറാഴ്ച മസ്കത്തിലെ അല സിഫിൽനിന്നാണ് മത്സരം ആരംഭിക്കുക. 170 .5 കിലോ മീറ്റർ പിന്നിട്ട് മസ്കത്തിലെ വിവിധ ഭാഗങ്ങളിലൂടെ ഖുറിയാത്തിൽ സമാപിക്കും. തിങ്കളാഴ്ച ബിദ് ബിദിൽ നിന്നാരംഭിച്ച് 169.5 കിലോ മീറ്റർ പിന്നിട്ട് ഈസ്റ്റേൺ പർവത നിരകളിലെ അൽ ഹംറയിൽ അവസാനിക്കും. ചൊവ്വാഴ്ചയാണ് ഏറ്റവും ദൈർഘ്യമേറിയ മത്സരം നടക്കുക.
റുസ്താഖിൽനിന്ന് ആരംഭിച്ച് 207.5 കിലോ മീറ്റർ പിന്നിട്ട് നഖൽ, ഫഞ്ച വഴി ഇത്തിയിലാണ് നാലാം ദിവസം സമാപിക്കുക. സമാപന ദിവസമായ ബുധനാഴ്ച ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലെ ഇംതിയിൽനിന്ന് ആരംഭിച്ച് ജബൽ അഖ്ദറിൽ സമാപിക്കും. സമാപന ദിനം 139 കിലോമീറ്ററാണ് മത്സര മുണ്ടാവുക. ചെങ്കുത്തായ പർവത നിരകളിലൂടെയുള്ള അവസാന ഘട്ട മത്സരം ഏറെ സാഹസികത നിറഞ്ഞതായിരിക്കും.
ലോക പ്രശസ്ത സൈക്കിളോട്ടക്കാരായ അലക്സാണ്ടർ ക്രിസ്റ്റോഫ്, കാലബ് ഇവാൻ ഫാബിയോ ജേക്ബ്സൻ, ബ്രയാൻ കോൻക്വാഡ്, പോൾ മാക്നിയർ തുടങ്ങിയ പ്രമുഖർ മത്സരത്തിൽ പങ്കെടുക്കും. 2010 ലാണ് ഒമാനിൽ ആദ്യമായി സൈക്കിളോട്ട മത്സരം സംഘടിപ്പിച്ചത്.
ഇപ്പോൾ സൈക്കിളോട്ട മത്സരത്തിന് വൻ സ്വീകാര്യതയാണ് ഒമാനിൽ ലഭിക്കുന്നത്. ഫൈനൽ മത്സരവും മറ്റു മത്സരവും കാണാൻ നിരവധി പേർ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.