മസ്കത്ത്: വിനോദ സഞ്ചാരികൾക്കിടയിലെ അനുചിതമായ വസ്ത്രധാരണത്തിന് ഉത്തരവാദികൾ ട്രാവൽ ഏജൻസികളാണെന്ന് പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു. ശൂറ കൗൺസിലിന്റെ എട്ടാമത് പതിവ് സെഷനിൽ വസ്ത്രധാരണത്തെക്കുറിച്ച് ഉയർന്ന ആശങ്കകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. വിനോദസഞ്ചാരികളുടെ വസ്ത്രധാരണത്തെക്കുറിച്ച് ശൂറ പ്രതിനിധി ആശങ്ക ഉന്നയിക്കുകയായിരുന്നു. ഇത്തരം വസ്ത്രധാരണ ഒമാനി സ്വഭാവത്തെ വ്രണപ്പെടുത്തുന്നതാണ്.
വിനോദസഞ്ചാരികൾ ഒമാന്റെ സാംസ്കാരിക മാനദണ്ഡങ്ങളെ ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പ്രതിനിധി ഊന്നിപ്പറഞ്ഞു. ഈ ആശങ്ക അംഗീകരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കുന്നതിൽ ടൂറിസം കമ്പനികൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. സന്ദർശകർക്ക് മാന്യമായ വസ്ത്രധാരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൗൺസിലിന് ഉറപ്പു നൽകി.
വിനോദസഞ്ചാരികൾ ഉചിതമായ വസ്ത്രധാരണരീതി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം യാത്രാ, ടൂറിസം ഏജൻസികൾക്കാണ്. മാന്യമായ വസ്ത്രധാരണവും പ്രാദേശിക ആചാരങ്ങളെയും സാംസ്കാരിക മാനദണ്ഡങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിനോദസഞ്ചാരികളെ അറിയിക്കുന്നതിനായി അവബോധം വളർത്തുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം ശക്തമാക്കുമെന്ന് കൗൺസിൽ അംഗങ്ങൾക്ക് മന്ത്രി ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.