മസ്കത്ത്: അറബിക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ഉഷ്ണമേഖല ന്യൂനമർദത്തെക്കുറിച്ച് കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി(സി.എ.എ). ഒമാൻ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ച വിവരങ്ങല്ലാതെ ഉഷ്ണമേഖല സാഹചര്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽനിന്ന് വിട്ട് നിൽക്കണം. ശരിയായ കാലാവസ്ഥ റിപ്പോർട്ടുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണം. സിവിൽ ഏവിയേഷൻ നിയമത്തിലെ ആർട്ടിക്കിൾ 30 പ്രകാരം സിവിൽ ഏവിയേഷൻ ആക്ടിവിറ്റികൾ, എയർ നാവിഗേഷൻ, കാലാവസ്ഥാ സേവനങ്ങൾ എന്നിവ നടത്തുന്നത് യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരത്തോടെയല്ലാതെ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കും കുറഞ്ഞത് ഒരുവർഷം മുതൽ മൂന്നുവർഷംവരെ തടവും 15,000 മുതൽ 50,000 റിയാൽ വരെ പിഴയും ചുമത്തും. അല്ലെങ്കിൽ ഈ രണ്ടിൽ ഒന്നും അനുഭവിക്കേണ്ടി വരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. അതേസമയം, അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള ന്യൂനമർദം ദോഫാർ ഗവർണറേറ്റിലെ സദാതീരത്തുനിന്ന് ഏകദേശം 1400 കിലോമീറ്റർ അകലെയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) നാഷനൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു. മണിക്കൂറിൽ 31 കിലോമീറ്ററിന് താഴെയാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. അടുത്ത 48 മണിക്കൂറിൽ ഉഷ്ണമേഖല ന്യൂനമർദമായി മാറുമെന്നാണ് കരുതുന്നത്. ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ഒമാൻ, യമൻ തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രാരംഭ സൂചനകൾ നൽകുന്നത്. ഇത് മേഘങ്ങളുടെ ആവിർഭാവത്തിനും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കനത്ത മഴക്കും കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.