മസ്കത്ത്: ഒമാനിൽ വിദേശികൾക്കിടയിൽ ക്ഷയരോഗം വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഒരു ലക്ഷം പേരിൽ 9.5 രോഗികളെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വിദേശികളിൽ രോഗം വർധിക്കാൻ പ്രധാന കാരണം ക്ഷയരോഗ കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരിൽനിന്ന് പകരുന്നതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഫാതിമ അൽ യാഖൂബി പറഞ്ഞു. സ്വദേശികളിലെ രോഗബാധ 2018 മുതൽ കുറഞ്ഞതായും അവർ പറഞ്ഞു. കഴിഞ്ഞ വർഷം 490 ടി.ബി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 99 പേർ സ്വദേശികളാണ്. 2019 മുതൽ ഒമാനികളല്ലാത്തവരിൽ രോഗത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്. മൊത്തം രോഗികളിൽ 94.3 ശതമാനം വിദേശികളാണ്. ഇതിൽ മൂന്ന് രോഗികൾ മരുന്നുകൾക്ക് പ്രതികരിക്കാത്തവരും 18 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
ഒമാനിൽ പൊതുവെ ടി.ബി കേസുകൾ കുറവാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2012 മുതൽ ഒരു ലക്ഷത്തിന് പത്ത് രോഗികൾ എന്നായിരുന്നു കണക്ക്. എന്നാൽ, വിദേശികളിൽ പുതിയ മെഡിക്കൽ പരിശോധന രീതി നടപ്പായതോടെയാണ് രോഗികളുടെ എണ്ണം ചെറിയ തോതിൽ വർധിക്കാൻ തുടങ്ങി. ടി.ബി രാജ്യത്തുനിന്ന് തുടച്ചുനീക്കാൻ 2021മാർച്ച് 24ന് പുതിയ ദേശീയനയം രൂപവത്കരിച്ചിരുന്നു. 2035 ആവുമ്പോഴേക്കും രോഗികളുടെ എണ്ണം ഒരു ദശക്ഷത്തിന് 100 ആയി കുറക്കുകയാണ് ലക്ഷ്യം. രോഗം ബാധിക്കുന്നതിന് മുമ്പ് രോഗത്തെ തുരത്തുക എന്നതാണ് നയം. രോഗം തടയൽ, രോഗം കണ്ടെത്തൽ, ചികിത്സക്ക് പ്രോത്സാഹനം നൽകൽ എന്നിവയാണ് ചെയ്യുന്നത്. ഈ വിഭാഗത്തിലെ മെഡിക്കൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, പരിശോധനകൾ നടത്തുക, ജനങ്ങൾക്കിടയിൽ ബോധവത്കരണം ശകതമാക്കുക എന്നിവ ഇതിന്റെ ഭാഗമാണ്.
ഒമാൻ മറ്റ് ലോകരാജ്യങ്ങൾക്കൊപ്പം ചേർന്ന് മാർച്ച് 24ന് ലോക ടി.ബി ദിനം ആചരിക്കുന്നുണ്ട്. ടി.ബി ഉച്ഛാടന നീക്കങ്ങൾക്ക് ലോകത്ത് കോവിഡ് തടസ്സമായിരുന്നു. അതിനാൽ ഈ പതിറ്റാണ്ടിൽ ആദ്യമായി ലോകത്ത് ടി.ബി മരണങ്ങൾ വർധിച്ചിരുന്നു. 2022 ൽ ലോകത്ത് 7.5 ദശലക്ഷം പേരാണ് ടി.ബി മൂലം മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.