മസ്കത്ത്: ഭൂകമ്പം കശക്കിയെറിഞ്ഞ തുർക്കിയയിലെ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ കർമനിരതരായി ഒമാൻ റെസ്ക്യൂ ടീം. ഫെബ്രുവരി എട്ടിന് ദുരന്തഭൂമിയിലെത്തിയ സേന രണ്ടുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. ഏഴു ദിവസത്തോളം കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന 60 വയസ്സുള്ള സ്ത്രീയെ ഹതായ് നഗരത്തിൽനിന്നും അന്റാക്യയിൽനിന്ന് മറ്റൊരാളെയുമാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രക്ഷിച്ചത്.
തെക്കുകിഴക്കൻ തുർക്കിയയിലെ വിവിധ സ്ഥലങ്ങളിലാണ് നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന തെർമൽ കാമറകൾപോലുള്ള ആധുനിക സജ്ജീകരണങ്ങൾ, സിവിൽ എൻജിനീയർമാർ, തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും വൈദഗ്ധ്യമുള്ളവർ എന്നിവരാണ് നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. സി.ഡി.എ.എയിലെ ഓപറേഷൻസ് ആൻഡ് ട്രെയിനിങ് ഡയറക്ടർ ജനറൽ മുബാറക് ബിൻ സലിം അൽഅറൈമിയാണ് തുർക്കിയയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
തുർക്കിയയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ഹതയ്യിലാണ് ടീം ക്യാമ്പ് സ്ഥാപിച്ചിട്ടുള്ളത്. മറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം പരിക്കേറ്റവർക്ക് വൈദ്യസഹായവും നൽകുന്നുണ്ട്. ഒമാൻ റെസ്ക്യൂ ടീമിന്റെ പ്രവർത്തനങ്ങളിൽ ഒമാനിലെ തുർക്കിയ അംബാസഡർ മുഹമ്മദ് ഹെക്കിമോഗ്ലു അഭിന്ദനം അറിയിക്കുകയും ചെയ്തിരുന്നു.
വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള കാൽലക്ഷത്തോളം ദൗത്യസേനാംഗങ്ങളാണ് ദുരന്തഭൂമിയിൽ സേവനവുമായി രംഗത്തുള്ളത്. അതേസമയം, തുർക്കിയ, സിറിയ ഭൂകമ്പബാധിതർക്കുള്ള ഒമാനിൽനിന്നുള്ള സഹായഹസ്തങ്ങൾ തുടരുന്നു. സ്വദേശികളും മലയാളികളായ പ്രവാസികളുമടക്കം നിരവധി ആളുകളാണ് അവശ്യവസ്തുക്കൾ ശേഖരിച്ച് ഇരുരാജ്യങ്ങളുടെയും മസ്കത്തിലെ എംബസി അധികൃതർക്ക് കൈമാറിയത്.
ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ സംഭാവന ക്ഷണിച്ചിട്ടുണ്ട്. ഇതും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിറിയൻ പ്രസിഡന്റ് ഡോ. ബശ്ശാർ അൽഅസദ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരുമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
ഒമാന്റെ ഐക്യദാർഢ്യം അറിയിച്ച സുൽത്താൻ, പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തെക്കുകിഴക്കൻ തുർക്കിയ-സിറിയൻ അതിർത്തിയിൽ ഫെബ്രുവരി ആറിന് പുലർച്ചെ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 40,000ത്തിലേറെ പേരാണ് മരിച്ചത്. കൂടുതൽ നാശനഷ്ടമുണ്ടായത് തുർക്കിയയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.