മസ്കത്ത്: ഈ വർഷം ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു. നാലു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങൾ. നാലു ഗ്രൂപുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിൽ പ്രവേശിക്കും.
ഇംഗ്ലണ്ട്, ആസ്ട്രേലിയ, നമീബിയ, സ്കോട്ട്ലൻഡ് എന്നിവരോടൊപ്പം ഗ്രൂപ് ബിയിലാണ് ഒമാൻ. ഇന്ത്യ, പാകിസ്താൻ, യു.എസ്, കാനഡ, അയർലൻഡ് എന്നിവരാണ് ഗ്രൂപ് എയിൽ വരുന്ന ടീമുകൾ. ഗ്രൂപ് സിയിൽ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ, ഉഗാണ്ട, പാപുവ ന്യൂ ഗിനിയും ഡിയിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്സ്, നേപ്പാൾ എന്നിവരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ജൂൺ ഒന്നിന് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു.എസും കാനഡയും തമ്മിൽ ഏറ്റുമുട്ടും. ജൂൺ 29ന് കരീബിയൻ ദ്വീപായ ബാർബഡോസിലാണ് ഫൈനൽ മത്സരം. ജൂൺ രണ്ടിന് നമീബിയക്ക് എതിരാണ് ഒമാന്റെ ആദ്യ മത്സരം. അഞ്ചിന് ഓസ്ട്രേലിയ ഒമ്പതിന് സ്കോട്ട്ലാൻഡ്, 13ന് ഇംഗ്ലണ്ട് എന്നിവയാണ് ഗ്രൂപ് ഘട്ടത്തിലുള്ള ഒമാന്റെ മറ്റ് മത്സരങ്ങൾ.
കഴിഞ്ഞ വർഷം നവംബറിൽ നേപ്പാളിൽ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ സെമിയിൽ ബഹ്റൈനെ പത്ത് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഒമാൻ ക്രിക്കറ്റിന്റെ നടുമുറ്റത്തേക്ക് നടന്നുകയറിയത്. ട്വന്റി20 ലോകകപ്പിലേക്ക് മൂന്നാം പ്രാവശ്യമാണ് സുൽത്താനേറ്റ് വരുന്നത്. ഇതിന് മുമ്പ് 2016ലും 2021ലും ഒമാൻ ലോകകപ്പ് യോഗ്യത നേടിയിരുന്നു. യോഗ്യത റൗണ്ടിലുടനീളം ബാറ്റർമാരും ബൗളർമാരും നടത്തിയ മികച്ച പ്രകടനമാണ് ഒമാന് ലോകകപ്പ് യോഗ്യത നേടാൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.