മസ്കത്ത്: ഉച്ചവിശ്രമനിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്തിൽ 49 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു. കത്തുന്ന വെയിലിൽ തൊഴിലാളികൾക്ക് ആശ്വാസമേകാനായുള്ള നിയമം പ്രാബല്യത്തിൽവന്ന് ഒരുമാസത്തിനിടെയാണ് ഇത്തരം ലംഘനങ്ങൾ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. നിയമം പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്തു.
തലസ്ഥാന നഗരിയിൽ തൊഴിൽ മന്ത്രാലയം അധികൃതർ 143 ഫീൽഡ് സന്ദർശനങ്ങളും തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 72 ബോധവൽക്കരണ സെഷനുകളും നടത്തി. വടക്കൻ ബത്തിനയിൽ തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 54 ഫീൽഡ് സന്ദർശനങ്ങളും 17 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ദാഖിലിയയിൽ 24 ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്. 147 ബോധവൽക്കരണ പരിപാടികളും ഒരുക്കി. ദാഹിറയിൽ 26 ഫീൽഡ് സന്ദർശനങ്ങളും 50 ബോധവൽക്കരണ സെഷനുകളും ദോഫാർ മേഖലയിൽ ഏഴ് ബോധവൽക്കരണ സെഷനുകളും 14 ഫീൽഡ് സന്ദർശനങ്ങളും ബുറൈമിയിൽ 16 ഫീൽഡ് സന്ദർശനങ്ങളും 16 ബോധവൽക്കരണ പരിപാടികളു തൊഴിൽ മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുസന്ദത്ത് നടത്തിയ 45 ഫീൽഡ് സന്ദർശനത്തിൽ 15 കമ്പനികൾക്ക് തൊഴിൽ മന്ത്രാലയം പിഴ ചുമത്തി.
തൊഴിൽ മന്ത്രാലയം എല്ലാർവർഷവും പ്രഖ്യാപിക്കാറുള്ള ഉച്ചവിശ്രമവേള ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺമുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 500 റിയാലിൽ കുറയാത്തതും 1000 റിയാലിൽ കൂടാത്തതുമായ പിഴയും ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.