മസ്കത്ത്: വിസ തട്ടിപ്പുസംഘത്തിന്റെ കെണിയിലകപ്പെട്ട് ഒമ്പതു വയസ്സുകാരൻ ഒമാനിൽ കുടുങ്ങി. കുട്ടിയുടെ പാസ്പോർട്ട് തിരിച്ചു കിട്ടാൻ സംഘം ആവശ്യപ്പെട്ടത് വൻ തുക. ഒടുവിൽ റുവി കെ.എം.സി.സിയുടെ ഇടപ്പെടലിനെ തുടർന്ന് കുട്ടിയുടെ മടക്കയാത്രക്ക് വഴിയൊരുങ്ങുകയും ചെയ്തു. ഒരു വർഷത്തിലേറെയായി ഒമാനിൽ വ്യാജ റിക്രൂട്ട്മന്റ് ഏജന്റിന്റെ വലയിലകപ്പെട്ട സ്ത്രീയുടെ ഒമ്പതുവയസ്സുകാരനായ മകനെ അഞ്ചു മാസം മുമ്പാണ് ഉന്നതപഠനങ്ങളടക്കമുള്ള പ്രലോഭനങ്ങൾ നൽകി ഒമാനിലെത്തിച്ചത്. കുട്ടിയുടെ പിതാവ് ഖത്തറിൽ ടാക്സി ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശിയാണ്. കുട്ടിയുടെ മാതാവുമായുള്ള ബന്ധം ഒരുവർഷം മുമ്പ് ഇദ്ദേഹം വേർപെടുത്തിയിരുന്നു.
മകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ ഇദ്ദേഹം കഴിഞ്ഞയാഴ്ച ഒമാനിലെത്തി റുവി കെ.എം.സി.സിയുടെ സഹായം തേടിയപ്പോഴാണ് വിസ തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിലാണ് മാതാവും മകനുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. കുട്ടിയുടെ പാസ്പോർട്ട് സംഘം കൈവശപ്പെടുത്തിയശേഷം ഇത് നാട്ടിലെത്തിക്കുകയായിരുന്നു. പാസ്പോർട്ട് ലഭിക്കാനായി വലിയ തുകയാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പിതാവ് റോയൽ ഒമാൻ പൊലീസിലും കൊണ്ടോട്ടി പൊലീസിലും പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പാസ്പോർട്ട് കൊണ്ടോട്ടി പൊലീസിന്റെ സഹായത്തോടെ നാട്ടിലുള്ള സംഘത്തിൽനിന്ന് ലഭിച്ചു. കുട്ടിയുടെ പാസ്പോർട്ട് നൽകാമെന്ന് പറഞ്ഞ് നാട്ടിൽനിന്നും പണം ആവശ്യപ്പെട്ട തട്ടിപ്പുസംഘത്തിലെ പ്രതിയെ കരിപ്പൂർ എയർപോർട്ട് എസ്.ഐ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.വിസ തട്ടിപ്പുസംഘങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രി വി. മുരളീധരനും, നിരവധി തവണ നാട്ടിലെ ഉന്നത മന്ത്രാലയങ്ങളിലും പരാതി നൽകിയിട്ടും ഒരു ഇടപെടലുകളും സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് കെ.എം.സി.സി നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.