മസ്കത്ത്: കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ഒമാനിലെ മലയാളികളും ഇന്ന് ആഘോഷിക്കും. എല്ലാ വർഷവും ഏപ്രിൽ 14ന് എത്തുന്ന വിഷു ഇത്തവണ 15നാണ്. വിഷു വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ചയായത് ആഘോഷപരിപാടികൾക്ക് ആക്കംവർധിപ്പിക്കും. അവധി ദിവസമായതിനാൽ ജോലിക്ക് പോവുന്നവർക്കും വീട്ടിൽതന്നെ ആഘോഷങ്ങളിൽ പങ്കാളിയാകാൻ കഴിയും.
കുടുംബങ്ങളും ഒറ്റക്കു താമസിക്കുന്നവരും പരമ്പരാഗത രീതിയിൽതന്നെയാണ് വിഷു ആഘോഷിക്കുന്നത്. കണികണ്ടുണരാൻ കണി വിഭവങ്ങളും നിരന്നുകഴിഞ്ഞു. വിഷുസദ്യ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് കുടുംബങ്ങൾ. ഇത്തവണ വിഷു റമദാൻ മാസത്തിലായതിനാൽ പ്രവാസി കുടുംബങ്ങൾ ആഘോഷം വൈകുന്നേരത്തേക്ക് മാറ്റിവെച്ചവരുമുണ്ട്.
പുതുവസ്ത്രങ്ങൾ ഉടുത്ത് കുട്ടികൾ വിഷുക്കൈനീട്ടത്തിനായി കാത്തിരിക്കും. നിരവധി കുടുംബങ്ങൾ ഒത്തുകൂടിയും കൂട്ടായ്മയായും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിഷുവിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും നടക്കുന്നുണ്ട്. വിഷുകണി വിഭവങ്ങൾ വ്യാപാരസ്ഥാപനങ്ങളിൽ നേരത്തേ എത്തിയിരുന്നു. കണിമാങ്ങയും വെള്ളരിയും കൊന്നയും അടക്കമുള്ള വിഷുവിഭവങ്ങൾ വാങ്ങാൻ വെള്ളിയാഴ്ച വ്യാപാരസ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
കേരളത്തിൽനിന്ന് വിഷുവിഭവങ്ങളെല്ലാം എത്തിക്കഴിഞ്ഞു. ഇന്നലെ കണിക്കൊന്നകൾകൂടി എത്തിയതോടെ വിഷുവിഭവങ്ങൾ പൂർണതയിലായി. സാധാരണ ഒമാനിൽ വിഷുക്കാലത്ത് പൂക്കാറുള്ള കൊന്ന ഇത്തവണ പൂത്തിട്ടില്ല. വിഷുവിന്റെ ഭാഗമായി മാബേല സെൻട്രൽ പച്ചക്കറി മാർക്കറ്റിലും വൻ തിരക്ക് അനുഭവപ്പെട്ടു.
റമദാൻ ആയതിനാൽ ഹോട്ടലുകൾ തുറക്കാത്തത് വിഷു സദ്യയെയും മറ്റും ചെറുതായി ബാധിക്കും. എന്നാലും പല ഹൈപ്പർ മാർക്കറ്റുകളും വിഷുസദ്യ പാർസലായി നൽകുന്നുണ്ട്. പല സ്ഥാപനങ്ങളും മുൻകൂട്ടി ബുക്കിങ് അനുസരിച്ചാണ് പാർസലുകൾ നൽകുന്നത്. സദ്യ കിറ്റുകൾക്ക് വൻ സ്വീകാര്യത ലഭിക്കുന്നതായി ഹൈപ്പർ മാർക്കറ്റുമായി ബന്ധപ്പെട്ടവർ പറയുന്നു. വിഷു ഓഫറുകൾ വ്യാപാരസ്ഥാപനങ്ങളിൽ നേരത്തേതന്നെ ആരംഭിച്ചിരുന്നു. വിഷു ഉൽപന്നങ്ങൾക്ക് പല വ്യാപാരസ്ഥാപനങ്ങളും ഓഫറുകൾ നൽകിയിരുന്നു. വിഷുവിന്റെ ഭാഗമായി പച്ചക്കറി ഇനങ്ങളും ധാരാളമായി എത്തിയിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞതോടെ ആശങ്കകളില്ലാതെ വിഷു ആഘോഷിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.