മസ്കത്ത്: ഒമാനിലെ മലയാളികൾ വിഷുവിനെ വരവേൽക്കാനൊരുങ്ങുന്നു. റമദാൻ ആണെങ്കിലും വിഷുവിന്റെ എല്ലാ ചിട്ടവട്ടങ്ങളുമായി സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. വിഷു ഉൽപന്നങ്ങൾ എത്താൻ തുടങ്ങിയതോടെ വിഷു വിപണിയും സജീവമായി.
ഹൈപർമാർക്കറ്റുകളിലും മറ്റും വിഷുസദ്യ ലഭ്യമാവും. സദ്യയുടെ ബുക്കിങ്ങുകൾ വിവിധ ഹൈപർമാർക്കറ്റുകളിൽ ആരംഭിച്ചു. ഈ വർഷം വിഷു വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ച ആയതിനാൽ ആഘോഷങ്ങൾക്ക് പൊലിമ വർധിക്കും. അതിനാൽ കുടുംബങ്ങളിൽ വിഷുക്കണിയും സദ്യയും കെങ്കേമമാക്കും. കുടുംബങ്ങളും മറ്റും ഒത്തുചേർന്ന് വിഷു ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഒമാൻ പച്ചക്കറികൾ വിപണിയിൽ സുലഭമായതിനാൽ ആഘോഷങ്ങൾക്ക് ചെലവ് കുറയും. വിഷു കണിക്കാവശ്യമായ കണിവെള്ളരി അടക്കമുള്ളവ വിപണിയിൽ സുലഭമാണ്. എന്നാൽ ഒമാനിലെ കണിക്കൊന്നകൾ ഇത്തവണ പൂത്തിട്ടില്ല.
അതിനാൽ കണികാണാൻ നാട്ടിൽ നിന്നെത്തുന്ന കൊന്നകൾതന്നെ വേണ്ടിവരും. കണിക്കൊന്ന നാട്ടിൽ നിന്നെത്തുന്നതിനാൽ ചെലവ് കൂടും. കഴിഞ്ഞ വർഷം ഒമാനിൽ വിഷുക്കാലത്ത് നിരവധി കണിക്കൊന്നകൾ പൂത്തിരുന്നു. അതിനാൽ നിരവധി ആളുകൾ ഈ കൊന്നയായിരുന്നു കണിക്കായി ഉപയോഗിച്ചിരുന്നത്.
റൂവിയടക്കമുള്ള തലസ്ഥാന നഗരിയിലെ നിരവധി ഇടങ്ങളിലാണ് കഴിഞ്ഞ വർഷം കണിക്കൊന്ന പൂത്തുലഞ്ഞത്. റോയൽ ഒപേര ഹൗസിന്റെ തോട്ടത്തിലാണ് ഏറ്റവും കൂടുതൽ കണിക്കൊന്നയുള്ളത്.
എന്നാൽ, ഇൗ വർഷം കണിക്കൊന്നകൾ പൂത്തിട്ടില്ല.
പ്രതികൂല കാലാവസ്ഥ കാരണമാണ് കണിക്കൊന്നകൾ പൂക്കാതിരുന്നത്.
കഴിഞ്ഞ വർഷം ചൂട് നേരത്തേ തുടങ്ങിയിരുന്നു. ഈ വർഷം ഇപ്പോഴും ഒമാനിൽ തണുത്ത കാലാവസ്ഥയാണ്. ചൂട് കൂടുന്നതോടെയാണ് കണിക്കൊന്നകൾ പൂക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.