മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമീഷൻ അംഗങ്ങൾക്കൊപ്പം ജി.സി.സി ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് ഫോറത്തിൽ പങ്കെടുത്തവർ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശിച്ചു. സുൽത്താനേറ്റിന്റെ ചരിത്രവും നാഗരികതയും ആധുനിക നവോത്ഥാനവും ഉയർത്തിക്കാട്ടുന്ന മ്യൂസിയത്തിലെ വിഭാഗങ്ങളും ഉള്ളടക്കങ്ങളും അതിഥികൾ വീക്ഷിച്ചു.
രാജ്യത്ത് ഈ വർഷം പുതുതായി തുറന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശകരുടെ മനം കവരുന്നതാണ്. ഇതിനകം 90,000ത്തിലധികം ആളുകൾ ഒമാന്റെ ചരിത്ര ശേഷിപ്പുകളും പൈതൃകങ്ങളും തേടി ഇവിടെ എത്തിയതായി കണക്കുകൾ പറയുന്നു. ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന മ്യൂസിയം ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലാണുള്ളത്.
മാർച്ച് 13ന് സുൽത്താൻ ഹൈതം ബിൻ താരിഖാണ് നാടിന് സമർപ്പിച്ചത്. സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്രമീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും എന്നിവ ഇവിടെനിന്ന് മനസ്സിലാക്കാനാകും. പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.