സലാല: ഖരീഫ് സീസൺ ആസ്വദിക്കാനെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായ വാദി ദർബാത്തിൽ കഴിഞ്ഞ ദിവസങ്ങളിലെത്തിയത് നിരവധി പേർ. വാദി ദർബാത്ത് വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയന്റിലേക്ക് ദോഫാർ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മുവാസലാത്തും ദോഫാർ മുനിസിപ്പാലിറ്റിയും ഷട്ടിൽ ബസ് സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഇതുപയോഗപ്പെടുത്തിയാണ് സന്ദർശകരെത്തുന്നത്.
സുരക്ഷ നടപടികളുടെയും ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി വാദി ദർബാത്ത് വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയന്റിലേക്ക് സന്ദർശകർക്ക് അവരുടെ സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കാൻ അനുവാദമില്ല. ഈ സീസണിൽ വെള്ളച്ചാട്ടം കാണാൻ 18,000 മുതൽ 19,000 വരെ സന്ദർശകർ എത്തിയെന്നാണ് കണക്കാക്കുന്നത്. വാരാന്ത്യ ദിവസങ്ങളിൽ തിരക്ക് കാരണം വ്യൂ പോയന്റിലേക്കുള്ള ബസ് ലഭിക്കാൻ നീണ്ടനേരം കാത്തിരിക്കേണ്ട സാഹചര്യമുണ്ടായി.
ഇതേത്തുടർന്ന് നിരവധി സന്ദർശകർ കാൽനടയായി വന്നത് റോഡിൽ തിരക്കുണ്ടാക്കുകയും ഇത് ബസുകളുടെ സഞ്ചാരത്തെ വീണ്ടും മന്ദഗതിയിലാക്കുകയും ചെയ്തു. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോയെടുത്തും ദീർഘനേരം ചെലവഴിച്ചുമാണ് സന്ദർശകർ മടങ്ങുന്നത്. മിക്കവരും കുടുംബസമേതമാണ് ഇവിടെയെത്തുന്നത്.ഒമാന്‍ അകത്തും പുറത്തുമുള്ളവർ ദിനേന എത്തുന്നുണ്ട്. ഗൾഫ് മേഖലയിൽ ഒരിടത്തും കാണാനാവാത്ത അതിശയിപ്പിക്കുന്ന കാഴ്ചയാണ് വാദി ദർബാത്തിലേതെന്ന് സന്ദർശകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.