മസ്കത്ത്: പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവർ രാജ്യത്തെ പാർക്കുകളിലും ബീച്ചുകളിലും മാലിന്യം വലിച്ചെറിഞ്ഞത് അധികൃതർക്ക് തലവേദനയായി. പ്ലാസ്റ്റിക്ക് കുപ്പികൾ, ഡിസ്പോസിബിൾ പാത്രങ്ങൾ, ബാർബിക്യു, ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ കവറുകൾ തുടങ്ങിയവയാണ് തള്ളിയിരിക്കുന്നത്.
മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനൊന്നും ഒരു വിലയും കൽപ്പിക്കാതെയായിരുന്നു സന്ദർശകരുടെ പെരുമാറ്റം. സമുദ്രജീവികളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കളാണ് പല ബീച്ചുകളിലും അശ്രദ്ധമായി ഇട്ടിരിക്കുന്നത്. അവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കാൻ മാലിന്യക്കൊട്ടകൾ പാർക്കുകളിലും ബീച്ചുകളിലുമുണ്ട്. എന്നാൽ, ഇത്തരം സൗകര്യങ്ങൾ അധികപേരും ഉപയോഗിക്കാൻ മെനക്കെടാറില്ലെന്ന് പാർക്കിലെ ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിച്ച മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അനുവദിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ മാലിന്യം തള്ളുന്നവർക്കെതിരെ 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. തെറ്റ് വീണ്ടും ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ ഇരട്ടിയാക്കുമെന്നും പറഞ്ഞിരുന്നു. ഇത്തരം പിഴ ചുമത്തുന്നത് മാലിന്യം തള്ളുന്നതിൽനിന്ന് തടയിടാൻ സഹായിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. തങ്ങൾ ചെയ്യുന്നത് പ്രകൃതിക്കുകൂടി കോട്ടംതട്ടുന്നതാണെന്ന ചിന്ത ഉണ്ടായാൽ മാലിന്യം വലിച്ചെറിയുന്നതിന് കുറച്ചൊക്കെ പരിഹാരമാകും. വൃത്തിയുള്ള ഇടങ്ങൾ സന്ദർശിക്കാനാണ് വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്നത്.
ഇങ്ങനെ അലക്ഷ്യമായി മാലിന്യം തള്ളുന്നത് വിനോദസഞ്ചാരികളുടെ വരവിനെതന്നെ ബാധിക്കാൻ ഇടവരുത്തുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.
പാർക്കുകളിലും വാദികളിലും ബീച്ചുകളിലും കുപ്പികൾ, ബർഗർ റാപ്പറുകൾ, പിസ്സ ബോക്‌സുകൾ എന്നിവ ഉൾപ്പെടുന്ന മാലിന്യം ചിതറിക്കിടക്കുന്ന കാഴ്ച ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പ്രമുഖ ഹോട്ടലിന്റെ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥനായ ജോൺ ആൽബർട്ട് പറഞ്ഞു.
പാർക്കുകളിലും ബീച്ചുകളിലും അല്ലെങ്കിൽ അവധി ദിവസങ്ങളിൽ ആളുകൾ കൂട്ടംകൂടുന്ന മറ്റേതെങ്കിലും പൊതുസ്ഥലങ്ങളിലും ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചാൽ ആളുകൾ അവ ഉപയോഗിക്കാൻ സാധ്യതയുണ്ട്.
അതേസമയം, വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ബീച്ചുകളിൽനിന്നും മറ്റും മാലിന്യങ്ങൾ നീക്കിയിട്ടുണ്ട്. പെരുന്നാൾ ആഘോഷിക്കാനായി ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി പാർക്കുകളിലും ബീച്ചുകളിലുമായി എത്തിയിരുന്നത്. കോവിഡിന്‍റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷം വീടുകൾക്കകത്തായിരുന്നു ജനം പെരുന്നാൾ ആഘോഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.