മത്ര: ശനിയാഴ്ച രാത്രി പത്തോടെ പെയ്തമഴയിൽ മത്ര സൂഖിൽ വെള്ളം കയറി. ശക്തമായ കാറ്റിനൊപ്പമാണ് മസ്കത്തിന്റെ പല ഭാഗങ്ങളിലും മഴ കോരിച്ചൊരിഞ്ഞത്. മഴ കനക്കുമെന്ന് മനസ്സിലായതോടെ ശനിയാഴ്ച രാത്രി മത്ര സൂഖ് നേരത്തേ അടച്ചു. വാദി കുത്തിയൊലിച്ച് കോര്‍ണീഷ് ഭാഗത്തുള്ള കടലിലേക്കു പതിക്കുന്ന പഴയ സാനിയോ, പോര്ബമ്പ ഭാഗങ്ങളിലുള്ള സൂഖിലുള്ള കടകള്‍ ശനിയാഴ്ച പൂര്‍ണമായും അടച്ചിടുകയായിരുന്നു.
രാത്രി പെയ്ത മഴയില്‍ വെള്ളം കുത്തിയൊലിച്ചുവന്നെങ്കിലും ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തി ഷോപ്പുകള്‍ പൂട്ടിപ്പോയതിനാല്‍ വെള്ളം കയറി പറയത്തക്ക നാശനഷ്ടങ്ങളുണ്ടായില്ല എന്നത് ആശ്വാസകരമായി. ഈയാഴ്ച മൂന്ന് അവധിദിനങ്ങളിലും മഴഭീഷണി ഉണ്ടായതിനാല്‍ കച്ചവടം മഴയെടുത്തതിലുള്ള നിരാശ കച്ചവടക്കാരില്‍ പ്രകടമാണ്. റമദാന് മുമ്പ് സാധാരണ നടക്കാറുള്ള കച്ചവടത്തെ കാലാവസ്ഥമാറ്റം കാര്യമായി ബാധിച്ചു. ഞായറാഴ്ച രാവിലെയും മൂടിക്കെട്ടിയ അന്തരീക്ഷമാണ് രൂപപ്പെട്ടത്.
മത്ര കോര്‍ണീഷില്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നു. കോര്‍ണീഷിലെ കടലിടുക്കുകളില്‍ ശക്തമായ തിരമാലകള്‍ ഉയര്‍ന്നുപൊന്തി ഭിത്തികളെ പ്രകമ്പനം കൊള്ളിക്കുമാറ് വീശിയടിക്കുന്നതും കാണാമായിരുന്നു. അതേസമയം, കാറ്റിന്റെയും മഴയുടെയും ഭീഷണി നിലനില്‍ക്കുന്നതിനാലും മത്സ്യ ബന്ധനത്തിന് നിയന്ത്രണമുണ്ടായതിനാലും ദിവസങ്ങളായി മത്ര ഫിഷ് മാര്‍ക്കറ്റിലെ മീന്‍തട്ടുകള്‍ കാലിയായി കിടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.