മസ്കത്ത്: രാഹുല്‍ ഗാന്ധിയുടെയും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും ആഹ്വാന പ്രകാരം ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ദുരിതബാധിതരെ സഹായിക്കുന്നതിന് വ്യത്യസ്ത പദ്ധതികളുമായി ഒ.ഐ.സി.സിയുടെ വിവിധ ഘടകങ്ങള്‍ രംഗത്ത്.
ദുരന്തത്തില്‍ കുടുംബവും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്കുവേണ്ടി വിവിധങ്ങളായ പുനരധിവാസ പദ്ധതികളാണ് ഒ.ഐ.സി.സി ലക്ഷ്യം വെക്കുന്നത്.
ഇതിന്റെ ഭാഗമായി ഒമാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും സമാന മനസ്കരെയും സഹകരിപ്പിച്ചുകൊണ്ട് വയനാട്ടില്‍ രണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഒ.ഐ.സി.സി ഒമാന്‍ പ്രഥമ പ്രസിഡന്റ് സിദ്ദിഖ് ഹസന് അറിയിച്ചു.
ആദ്യ ഘട്ടമായി ഒരു വീടിന്റെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കും. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചും കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചും അര്‍ഹരായവരെ കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കും.
വീട്ടിലേക്ക് ആവശ്യമായ സാധന സാമഗ്രികളും എത്തിച്ചു നല്‍കും. ഇതിനായി ഒമാനിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മറ്റു മലയാളികളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്നും സിദ്ദിഖ് ഹസന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വയനാട് ദുരന്തം നടന്നത് മുതല്‍ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റു സാന്ത്വന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒ.ഐ.സി.സി, ഇന്‍കാസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
ഈ സമയങ്ങളില്‍ നാട്ടിലുണ്ടായിരുന്ന പ്രവര്‍ത്തകരാണ് ഇവ ഏകോപിപ്പിച്ചത്. ഇതോടൊപ്പം, ഒമാനില്‍ പ്രവാസികളായ നിരവധി പേരുടെ ഉറ്റവരും ഉടയവരും ദുരന്തത്തില്‍ മരണപ്പെടുകയും ദാരുണമായി പരിക്കേല്‍ക്കുകയും വീടും സമ്പാദ്യവും നഷ്ടമാവുകയും ചെയ്തു. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും സിദ്ദീഖ് ഹസന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.