മസ്കത്ത്: നിലവിൽ ഒമാന്റെ ചില ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതായി കാലാവസ്ഥ വിദഗ്ധർ. കഴിഞ്ഞ ദിവസം സുനൈനയിലാണ് ഒമാനിലെ കൂടിയ താപനില രേഖപ്പെടുത്തിയത്. 41.1 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടത്തെ താപനില. എന്നാൽ, താപനില കഴിഞ്ഞ ആഴ്ചയിലേക്കാൾ കുറവാണെന്നും ഇത് തണുപ്പുകാലം വരുന്നതിന്റെ അടയാളമാണെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഒമാനിലെ ഉയർന്ന അന്തരീക്ഷ സമ്മർദം പുറത്തേക്ക് നീങ്ങുകയാണെന്നും അതിനാൽ അടുത്തദിവസം മുതൽ തണുപ്പ് ലഭിച്ചുതുടങ്ങുമെന്നും വിദഗ്ധർ പറഞ്ഞു.
ഒമാൻ ഉപ ഉഷ്ണ മേഖലയിലാണ്. അതിനാൽ ഒമാനിൽ ഋതുക്കൾക്ക് വ്യക്തമായ സമയപരിധില്ല. തണുപ്പ് എപ്പോൾ വരുമെന്നതിന് കൃത്യമായ സമയക്രമവും ഇല്ലെന്നതും പരിഗണിക്കേണ്ടതാണെണന്നും വിദഗ്ധർ പറയുന്നു. സൗദി അറേബ്യയിൽ ഉയർന്ന താപനിലയാണുള്ളത്. ഇത് ഒമാനെയും വലയംവെക്കുന്നുണ്ട്.
ഒമാനിലെ ഉയർന്ന സമ്മർദം പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി അൽഹംറ, ഇബ്രി എന്നിവിടങ്ങളിൽ ഞായറാഴ്ച മഴ ലഭിച്ചിരുന്നു. അതിനാൽ അവിടങ്ങളിൽ തണുപ്പ് വരാൻ തുടങ്ങിയിട്ടുണ്ട്. തണുപ്പുകാലത്തേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ജബൽ ശംസിൽ താപനില 10.9 ഡിഗ്രി സെൽഷ്യസിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതും രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ്. എന്നാൽ ദാഖിറ, ബുറൈബി മേഖലകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റുകളുടെ പ്രതിഫലനം ഉണ്ട്. ഒമാനിൽ ഇത്തവണ തണുപ്പുകാലം വൈകിയിരുന്നു. കഴിഞ്ഞ ആഴ്ച പല ഭാഗങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. പല ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില. സാധാരണ ആഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് ചൂട് കുറയുകയും തണുപ്പിലേക്ക് നീങ്ങുകയും ചെയ്യാറുണ്ട്.
സെപ്റ്റംബർ മാസത്തിൽ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ, ഈ വർഷം കഴിഞ്ഞ ആഴ്ചവരെ നല്ല ചൂടാണ് അനുഭവപ്പെട്ടത്. ചില ദിവസങ്ങളിൽ ചൂട് വല്ലാതെ ഉയരുകയും ചെയ്തിരുന്നു. ഇതോടെ ഇതുസംബന്ധമായ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. സാധാരണയിൽനിന്ന് വ്യത്യസ്തമായി ഈ വേനൽകാലത്ത് ഒമാനിൽ കടുത്ത ചൂടും അനുഭവപ്പെട്ടിരുന്നു. പല ദിവസങ്ങളിലും ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.