മസ്കത്ത്: പ്രവാസി വെല്‍ഫെയര്‍ ഒമാന്‍ സംഘടിപ്പിക്കുന്ന ‘ വെല്‍ഫെയര്‍ കപ്പ് 2023’ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം അല്‍ഖുവൈര്‍ ഫുഡ് ലാൻഡ്സ് റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രകാശനം ചെയ്തു. പ്രവാസി വെൽഫെയർ കേന്ദ്ര പ്രസിഡന്റ് കെ. മുനീർ, നൂര്‍ ഗസല്‍ സ്പൈസസ് മാര്‍ക്കറ്റിങ് മാനേജര്‍ അസീം, ഷ്രിമ്പ്സ് സ്റ്റേഷന് ബ്രാഞ്ച് മാനേജർ യൂസഫ് അബ്ദുല്ല എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്. ഫെബ്രുവരി 24ന് അമിറാത്ത് സുല്‍ത്താന്‍ സെന്ററിനടുത്തുള്ള ടര്‍ഫ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ടൂർണമെന്റിൽ ഒമാനിലെ പ്രമുഖരായ 16 ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിനോടനുബന്ധിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി വിവിധ പരിപാടികള്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
എഫ്.സി മബേല, ജി.എഫ്.സി മസ്കത്ത്, സെന മലബാർ, റിയലെക്സ്, ഹാംമേഴ്സ് മസ്കത്ത്, എ.ടി.എസ് (പ്രോസോണ്‍ സ്പോർട്സ് അക്കാദമി), ഷൂട്ടേഴ്സ് എഫ്.സി, സ്മാഷേഴ്സ് എഫ്.സി, നെസ്റ്റോ എഫ്.സി, മഞ്ഞപ്പട, റിമ മത്ര, ബോഷർ എഫ്.സി, യൂനിറ്റി ഫുട്ബാള്‍ അക്കാദമി, എസ്.ബി.എഫ്.സി മസ്കത്ത്, ബ്ലാക്ക് ആൻഡ് വൈറ്റ് കേരള, എഫ്.സി നിസ്വ എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. ഫുഡ് സ്റ്റാളുകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, മെഹന്തി ഫെസ്റ്റ്, ഫേസ് പെയിന്റിങ്, കാലിഗ്രഫി തുടങ്ങിയ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ഒമാനിലെ പ്രവാസി മലയാളികൾക്കിടയിൽ സാമൂഹികസേവന കല സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന സംഘമാണ് പ്രവാസി വെൽഫെയർ ഒമാൻ. കോവിഡ് കാല പ്രവർത്തനങ്ങളിലൂടെ ഒരുപാട് പ്രവാസി സഹോദരങ്ങൾക്ക് ആശ്വാസമായി മാറാൻ കഴിഞ്ഞു. പതിനായിരത്തിലധികം ഭക്ഷണപ്പൊതികളും 300 സൗജന്യ ടിക്കറ്റുകളും ചാർട്ടേഡ് വിമാനവും ഒരുക്കി പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കാൻ പ്രവാസി വെൽഫെയറിന് സാധിച്ചിരുന്നുവെന്ന് പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഷമീര്‍ കൊല്ലക്കാന്‍ പറഞ്ഞു.
കല-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് പ്രവാസി വെല്‍ഫെയര്‍ ഒമാന്‍. ഒമാനിലെ വിവിധ ഗായകരെ ഉൾപ്പെടുത്തി നടത്തിയ ഓണപ്പാട്ട് മത്സരം ഇതിൽ ശ്രദ്ധേയമായിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ വെല്‍ഫെയര്‍ കപ്പ് പ്രോഗ്രാം കൺവീനർ ഫിയാസ് മാളിയേക്കൽ, വെല്‍ഫെയര്‍ കപ്പ് ടൂർണമെന്റ് കൺവീനർ റിയാസ് വളവന്നൂർ, വെല്‍ഫെയര്‍ കപ്പ് അസി. കൺവീനർ സഫീർ നരിക്കുനി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.