മസ്കത്ത്: കഴിഞ്ഞ മാസം പകുതി മുതൽ ആരംഭിച്ച ഇന്ത്യൻ സ്കൂൾ ശൈത്യകാല അവധി ഉപയോഗപ്പെടുത്തി ഉംറ യാത്ര നടത്തിയത് നിരവധി പേർ. വിവിധ സംഘടനകൾ വഴിയും ട്രാവൽ ഏജന്റ് വഴിയും സ്വന്തം വാഹനം ഉപയോഗിച്ചുമായിരുന്നു പലരും ഉംറ നിർവഹിക്കാൻ പോയത്. കോവിഡ് പ്രതിസന്ധി അയഞ്ഞതും നിയന്ത്രണങ്ങൾ പൂർണമായി എടുത്തുമാറ്റിയതും ഉംറയാത്രക്കാർ വർധിക്കാൻ കാരണമായി. ഒമാനിൽനിന്ന് യു.എ.ഇ തൊടാതെ നേരിട്ട് സൗദി അറേബ്യയിൽ എത്താൻ റോഡ് സൗകര്യമുണ്ടായതും ഉംറ യാത്രക്കാരുടെ ഉയർച്ചക്ക് കാരണമായി. ഉംറ നിയമങ്ങളിൽ ഇളവുണ്ടായതും യാത്രക്കാർക്ക് അനുഗ്രഹമായി. ഇന്ത്യൻ സ്കൂളുകൾക്കുള്ള അവധി സീസൺ മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഉംറ യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്. ഇത് മക്കയിലും മദീനയിലും തിരക്ക് വർധിക്കാനിടയാക്കുകയും ചെയ്തു. ഇതുകാരണം താമസ ഇടങ്ങളുടെ വാടക വർധിച്ചതായി ഉംറ യാത്ര സേവനവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. വിസിറ്റ് വിസക്കാർക്കും ഇപ്പോൾ ഒമാനിൽനിന്ന് ഉംറക്ക് പോവാൻ അനുവാദമുണ്ട്. ഇതുകാരണം നാട്ടിൽനിന്ന് ഒമാനിൽ വിസിറ്റ് വിസയിലെത്തിയ നിരവധി പേർ ഉംറക്ക് പോയിട്ടുണ്ട്. സൗദി സർക്കാർ പുതുതായി ഏർപ്പെടുത്തിയ ഒരു വർഷത്തെ മൾട്ടി എൻട്രി വിസയും പലരും ഉംറക്കായി ഉപയോഗിക്കുന്നുണ്ട്.
ക്രിസ്മസ് സ്കൂൾ അവധിക്കാലത്ത് നിരവധി പേരാണ് ഉംറ യാത്ര നടത്തിയതെന്ന് മസ്കത്ത് സുന്നി സെന്റർ ഉംറ സേവന വിഭാഗം പറഞ്ഞു. കഴിഞ്ഞ മാസം 21ന് ഒമാനിലെ നാലിടങ്ങളിൽ യാത്രക്കാർക്ക് ബസ് സൗകര്യം ഒരുക്കിയിരുന്നു. മസ്കത്ത്, റുസൈൽ, ബർക്ക, സലാല എന്നിവിടങ്ങളിൽനിന്ന് നാല് ബസുകളാണ് ഒരു ദിവസം യാത്ര പുറപ്പെട്ടിരുന്നത്. മറ്റു ചില സംഘടനകളും ഈ സീസണിൽ ഉംറ യാത്ര സംഘടിപ്പിച്ചു.
ഒമാനിൽനിന്ന് നേരെ സൗദിയിലേക്ക് കടക്കാൻ കഴിയുന്നത് ഉംറ യാത്രക്കാർക്ക് ഏറെ സൗകര്യമായതായി ഇവർ പറയുന്നു. ഇബ്രി വഴിയുള്ള റോഡ് ഏറെ സൗകര്യകരമാണ്. യു.എ.ഇ വഴി പോകുമ്പോൾ 45 റിയാൽ വിസ ഇനത്തിൽ മാത്രം ചെലവ് വരുന്നുണ്ട്. ഇതോടൊപ്പമുള്ള മറ്റു ചെലവുകളും വിസ അടിക്കാനുള്ള യാത്രാപ്രശ്നങ്ങളും പുതിയ റോഡ് വന്നതോടെ ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജനുവരി 18ന് അടുത്ത ബസ് പുറപ്പെടുമെന്നും സുന്നി സെന്ററുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.