മസ്കത്ത്: ചരിത്രം സൃഷ്ടിച്ച തീരുമാനങ്ങളിൽ പലതും വലിയ മാറ്റങ്ങൾക്കാണ് വെഴിവെക്കാറ്. അത്തരത്തിൽ നടന്ന ചരിത്രം കുറിക്കലായിരുന്നു ഒമാനിൽ വനിതകൾക്കും ഇനി മുതൽ ടാക്സി ഓടിക്കാം എന്നത്. ജനുവരി 20 മുതലാണ് മസ്കത്ത് നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തിൽ വനിത ടാക്സികൾ ഓടിത്തുടങ്ങിയത്. ലിംഗസമത്വം ഉറപ്പുവരുത്താനും സമൂഹത്തിൽ സ്ത്രീകള്‍ക്കും തുല്യതൊഴിലവസരങ്ങള് നല്‍കാനും ഇത് ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ.
വനിത ടാക്സിയിൽ ആദ്യഘട്ടത്തിൽ വളയം പിടിക്കുന്നത് ഒമ്പത് വനിതകളാണ്. വെള്ള, പിങ്ക് നിറങ്ങളിലുള്ള വനിത ടാക്സി മസ്കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്ന തരത്തിലാണ് സർവിസ് ഒരുക്കിയത്. മൊബൈല്‍ ആപ്പിലൂടെയായിരിക്കും യാത്രക്കാർക്ക് സേവനം ലഭ്യമാവുക. യാത്രക്കാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സുരക്ഷിത യാത്രയുടെ സന്തോഷം പലരും സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ചു.
തുടക്കമെന്ന നിലയിൽ രാവിലെ ആറു മുതൽ രാത്രി പത്തുവരെയാണ് സേവനം. സമീപ ഭാവിയിൽ 24 മണിക്കൂറും സേവനം നൽകുന്നതിലേക്ക് മാറും. രണ്ടാം ഘട്ടത്തിൽ സുഹാറിലേക്കും സലാലയിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.
"രാത്രികളിൽ സുരക്ഷിതരായി യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. പലപ്പോഴും ഇത്തരം യാത്രകൾക്ക് ഭർത്താവിന്റെയോ സഹോദരങ്ങളുടെയോ ഒക്കെ ഒഴിവുസമയത്തിനുവേണ്ടി കാത്തുനിൽക്കേണ്ടിവരാറുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ പോലും ടാക്സിയിൽ യാത്ര ചെയ്യാത്തത് സുരക്ഷിതത്വമില്ലായ്മ ഓർത്താണ്. ഈ സൗകര്യം വരുന്നതോടെ ഏത് സമയത്തും നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി യാത്രചെയ്യാം എന്നത് വലിയ ആശ്വാസം തന്നെ." അവധിക്കാലമാഘോഷിക്കാൻ ഒമാനിലെത്തിയ മറിയം റഫീഖ് പറയുന്നു.
വനിത ടാക്സി വരുന്നതോടെ ഹൗസ് ഡ്രൈവർമാർ പ്രതിസന്ധിയിലാവുമോ എന്ന ആശങ്ക പങ്കുവെക്കുകയാണ് 2004 ൽ മസ്കത്തിലെത്തിയ സഫീറ ഷമീർ. "വനിത ടാക്സി വരുന്നതോടെ പ്രതിസന്ധിയിലാവുന്നത് ഹൗസ് ഡ്രൈവര്‍മാരാണ്. ഹൗസ് ഡ്രൈവര്‍മാരുടെ സേവനത്തില്‍നിന്ന് സ്വദേശി കുടുംബങ്ങള്‍ പിന്മാറുമെന്ന് സാമ്പത്തിക മാധ്യമങ്ങളിൽ വായിച്ചിരുന്നു. നമുക്കറിയുന്ന ഒമാനി കുടുംബങ്ങൾ നോക്കിയാൽ മനസ്സിലാവും വനിതകളുടെ ബുദ്ധിമുട്ട് മാത്രം കരുതിയാണ് ഭൂരിഭാഗം പുരുഷന്മാരും വീട്ടിൽ ഡ്രൈവര്‍മാരെ നിയോഗിച്ചത്. ജോലി സ്ഥലത്തേക്കും സ്കൂളിലേക്കും പോവാൻ വനിത ഡ്രൈവർമാരായിരിക്കും നല്ലതെന്ന് അവർ തീരുമാനിക്കില്ലെ".
സ്ത്രീകൾക്ക് എല്ലാ മേഖലകളിലും കഴിവു തെളിയിക്കണമെന്നും എല്ലാ ജോലിയും ചെയ്യാൻ അവസരം ലഭിക്കണമെന്നും ദിവ്യ മുരുകേശൻ പറയുന്നു. "സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കണമെങ്കില്‍ അടിസ്ഥാന മേഖലകളിലെ തൊഴിലവസരങ്ങൾ വര്‍ധിക്കണം. അതേസമയം കൂലികിട്ടുന്ന, വേതനം പറ്റുന്ന, വരുമാനമുണ്ടാക്കുന്ന തൊഴിലിന്റെ കണക്കുകളില്‍ മാത്രമായി, സ്ത്രീയുടെ അധ്വാനത്തെയും തൊഴിലിനെയും ചുരുക്കാതെ, സമൂഹം നിലനിര്‍ത്താന്‍ വേണ്ടി സ്ത്രീകള്‍ നടത്തുന്ന എല്ലാതരം അധ്വാനത്തെയും, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തമായി അംഗീകരിക്കണം. സർവേ കണക്കുകളിലും ശീര്‍ഷകങ്ങളിലും ഒതുങ്ങാതെ സ്ത്രീകളുടെ അധ്വാനത്തിന് പുതിയ മാനം കല്പിക്കേണ്ടതുണ്ട്, പുനര്‍നിര്‍വചിക്കേണ്ടതുണ്ട്, ഈ തീരുമാനത്തിലൂടെ ഒമാൻ വലിയ മുന്നേറ്റമാണ് നടത്തുന്നത്''.
സ്ത്രീകളുടെ യാത്രയിലെ സൗകര്യത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളതെന്ന് റുവിയിൽ കുടുംബവുമൊത്ത് കഴിയുന്ന ഷബ്ന അസ്ഹർ. ദീർഘദൂരം യാത്രചെയ്യുമ്പോഴൊക്കെ കൂടെയുള്ളത് വനിത ഡ്രൈവറാവുമ്പോൾ നമുക്കത് വലിയൊരാശ്വാസം തന്നെയല്ലേ. ഒരു യാത്രപോവുമ്പോൾ എന്റെ ആദ്യ ഓപ്ഷൻ വനിത ടാക്സി തന്നെയാണ്.
സൗദിയിലെ സ്ത്രീകൾക്ക് വാഹനമോടിക്കണം എന്ന ആവശ്യവുമായി 2011ല്‍ ഒരുകൂട്ടം സ്ത്രീകൾ സോഷ്യൽമീഡിയ വഴി നടത്തിയ കാമ്പയിനാണ് വുമണ്‍2 ഡ്രൈവ്. ഏകദേശം 18,000 സ്ത്രീകൾ ഇതിന് പിന്തുണയുമായി രംഗത്തെത്തി.
2017 സെപ്റ്റംബർ 27ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ വനിതകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി നൽകുമെന്ന് പ്രഖ്യാപിച്ചു. ജൂൺ 24 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. പിന്നീട് രാജ്യത്തെ സ്വദേശികളായ വനിതകള്‍ക്ക് ടാക്സി പെര്‍മിറ്റിനായി ട്രാഫിക് വിഭാഗം പ്രത്യേകം അനുമതി നല്കി. ഇതിനായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ 18 ഡ്രൈവിങ് സ്കൂളുകൾ സജ്ജമാക്കി.
ഈ ടാക്സി സേവനം സ്ത്രീ യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായിരുന്നു. 18 വയസ്സും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരുന്നു ഡ്രൈവിങ് ലൈസന്‍സ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.