മസ്കത്ത്: ലോക സിവിൽ ഡിഫൻസ് ദിനാചരണത്തിൽ ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (സി.ഡി.എ.എ) ആഗോള സമൂഹത്തോടൊപ്പം പങ്കുചേരും. ലോകതലത്തിൽ മാർച്ച് ഒന്നിനാണ് സിവിൽ ഡിഫൻസ് ദിനമായി ആചരിക്കുന്നത്. ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സിവിൽ ഡിഫൻസ് ഏജൻസികൾ വഹിക്കുന്ന നിർണായക പങ്ക് ഓർമിപ്പിക്കുന്നതിന് അന്താരാഷ്ട്ര സിവിൽ ഡിഫൻസ് ഓർഗനൈസേഷന്റെ തീരുമാനത്തിനനുസൃതമായാണ് ഈ ദിനാചരണം. ‘സുസ്ഥിര വികസനത്തിൽ സിവിൽ ഡിഫൻസിന്റെ പങ്ക്’ എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിലും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിലും അടിയന്തര പ്രതികരണ നടപടികൾ നടപ്പാക്കുന്നതിലും സിവിൽ ഡിഫൻസിന്റെ സംഭാവനയെ എടുത്തുകാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്യൂണിറ്റികളെ സംരക്ഷിച്ചും ദുരന്തങ്ങളുടെ ആഘാതം കുറക്കുന്നതിലൂടെയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സിവിൽ ഡിഫൻസ് ശ്രമങ്ങളുടെ പ്രാധാന്യം എടുത്തുപറയുന്നതാണ് ഈ വർഷത്തെ പ്രതിപാദ്യ വിഷയം.
വ്യക്തികളുടെയും അവരുടെ സ്വത്തുക്കളുടെയും സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സമൂഹങ്ങളിൽ പ്രതിരോധ അവബോധം വളർത്തുന്നതിനുള്ള വേദിയായി ആഘോഷ പരിപാടികൾ മാറും. ടെലിവിഷൻ, റേഡിയോ, പത്ര ലേഖനങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, പൊതു ഇടങ്ങളിൽ വിജ്ഞാനപ്രദമായ സാമഗ്രികളുടെ വിതരണം എന്നിവ ഉൾപ്പെടെ വിവിധ ബോധവത്കരണ പരിപാടികളാണ് സി.ഡി.എ.എ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉൾപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് തയാറാക്കിയിരിക്കുന്നത്. ബോധവത്കരണ പരിപാടികൾ, ഇവന്റുകൾ, ഗവർണറേറ്റുകളിലുടനീളമുള്ള പുനരധിവാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സർവിസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള ഫീൽഡ് സന്ദർശനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നതാണ്. മേയ് ആറ്, ഏഴ് തീയതികളിൽ, ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് കോൺഫറൻസിന്റെയും എക്സിബിഷന്റെയും രണ്ടാം പതിപ്പ് നടത്താനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.