മസ്കത്ത്: ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ ബാറ്റേന്താമെന്ന ഒമാന്റെ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും ഭാവിയിൽ തങ്ങളുടെ ടീം ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സിംബാബ് വേയിലെ ഹരാരെയിൽ നടന്ന അവസാന യോഗ്യത റൗണ്ടിൽ സ്വപ്നതുല്യമായ തുടക്കത്തിന് ശേഷം എതിരാളികളുടെ ശക്തിയേക്കാൾ പ്രകൃതിയുടെ കൈവിട്ട കളിയിൽ പെട്ടുപോവുകയായിരുന്നു ഒമാൻ എന്ന് പറയുന്നതാകും ശരി.
രണ്ടു വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച രണ്ടാം ഡിവിഷൻ ലീഗിലെ യോഗ്യത റൗണ്ടിൽ 30ലേറെ മത്സരങ്ങൾ കളിച്ചാണ് ഒമാൻ അവസാന ഘട്ട അങ്കത്തിനെത്തിയത്. എന്നാൽ അവിടെ കാത്തിരുന്നതാകട്ടെ വെസ്റ്റിൻഡീസ് ശ്രീലങ്ക, സിംബാബ് വേ, അയർലൻഡ്, യു.എ.ഇ, സ്കോട്ട്ലൻഡ്, നെതർലൻഡ് എന്നീ ടീമുകളായിരുന്നു.
ആദ്യ മത്സരത്തിൽ കരുത്തരായ അയർലൻഡിനെ തോൽപിച്ചതോടെ ആരാധക ശ്രദ്ധയും പ്രതീക്ഷയും ഉയർന്നു. പിന്നീട് യു.എ.ഇയെ തോൽപിച്ച് സൂപ്പർ സിക്സ് പ്രവേശനം ഉറപ്പാക്കി. സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ സിംബാബ് വേ ഉയർത്തിയ 333 എന്ന കൂറ്റൻ വിജയ ലക്ഷ്യം ഒമാൻ മറികടക്കും എന്നാണ് കരുതിയത്. എന്നാൽ കേവലം 14 റൺസ് അകലെവെച്ച് ആ പോരാട്ടം അവസാനിച്ചു.
നെതർലൻഡുമായുള്ള രണ്ടാം മത്സരത്തിൽ ബൗളിങ്ങിൽ വന്ന പാളിച്ചകളാണ് വിനയായത്. 363 എന്ന കൂറ്റൻ വിജയലക്ഷ്യംവെച്ച് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഒമാന് മുന്നിൽ മഴ വില്ലനായി. ഡി.എൽ.എസ് നിയമപ്രകരം നെതർലൻഡിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനോട് ഏഴു വിക്കറ്റിന് പരാജയപ്പെടാനായിരുന്നു വിധി. അതോടെ ഒമാന്റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് അവസാനമായി. എന്നാൽ, 2027ലോ 2032ലോ ഒമാന് ലോകകപ്പ് ക്രിക്കറ്റിൽ ബാറ്റേന്താൻ കഴിയുമെന്ന എന്ന പ്രതീക്ഷ വാനോളം നൽകിയാണ് ഒമാൻ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.