മസ്കത്ത്: ഖത്തർ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ കലാശപ്പോര് ഞായറാഴ്ച ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ഒമാനിലെ ഫാൻസ് സോണുകളിലും ആവേശം അണപൊട്ടിയൊഴുകും. മസ്കത്ത്, സുഹാർ, സലാല തുടങ്ങി രാജ്യത്തിന്റെ ചെറുതും വലുതുമായ സ്ഥലങ്ങളിൽ നിരവധി ഫാൻസ് സോണുകളാണുള്ളത്. മേഖലയിൽ ആദ്യമായി വിരുന്നെത്തിയ ലോക ഫുട്ബാൾ മാമാങ്കത്തെ ആവേശം ചോരാതെ ആസ്വാദകരിലേക്ക് എത്തിക്കുന്നതിനും സഞ്ചാരികളെ ആകർഷിക്കുന്നതിനുമായാണ് ഇത്തരം ഫാൻസ് സോണുകൾ ഒരുക്കിയിട്ടുള്ളത്.
ഇതുവരെ നടന്ന മത്സരങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിനിന്ന് ലഭിച്ചത്. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകൾ ഫാൻസ്സോണുകളിൽ എത്തിയിരുന്നു. ബിഗ് സ്ക്രീനിൽ മത്സരം പ്രദർശിപ്പിക്കുന്നതിന് പുറമെ കുടുംബങ്ങളെ ആകർഷിക്കുന്നതിനായി വിവിധങ്ങളായ വിനോദ പരിപാടികളും ഇത്തരം നഗരിയിൽ ഒരുക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ പ്രവേശന ഫീസ് ഈടാക്കിയാണ് ആളുകളെ പ്രവേശിക്കുന്നത്. ഫൈനൽ മത്സരത്തിന് കൂടുതൽ ആളുകൾ ഫാൻസ് സോണുകളിൽ എത്തുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ മികച്ച മുന്നൊരുക്കമാണ് പലയിടത്തും ഒരുക്കിയിട്ടുള്ളത്.
ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ (ഒ.സി.ഇ.സി) നടക്കുന്ന ഫാൻസ് ഫെസ്റ്റിവൽ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുടെയും ആരാധകരുടെയും സംഗമവേദിയായി മാറിയിട്ടുണ്ട്.നവംബർ 20ന് തുടങ്ങിയ ഫെസ്റ്റിവലിൽ മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് സന്ദർശകരായെത്തിയത്. എല്ലാ ആരാധക കൂട്ടങ്ങളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഫുട്ബാൾ ഗ്രാമങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. വിവിധങ്ങളായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവ സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ ഗാർഡനിലെ 9000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വരുന്ന സ്ഥലമാണ് ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിനായി നീക്കിവെച്ചിട്ടുള്ളത്.
ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈവിധ്യമാർന്ന ഇന്ററാക്ടിവ് ഗെയിമുകൾ, നൂതന സാങ്കേതികവിദ്യകൾ, ഫുട്ബാൾ മത്സരങ്ങൾ, തത്സമയ പ്രകടനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ ഭക്ഷണപാനീയ ഔട്ട്ലെറ്റുകൾ കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്നതാണ്.ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ മലയാളികളടക്കം നൂറുകണക്കിനാളുകൾക്ക് ഖത്തറിൽ നേരിട്ടുപോയി കളി കാണാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ്. ഇത്തരക്കാർക്ക് ഒരു പരിധിവരെയെങ്കിലും ആശ്വാസം പകരുന്നതാണ് ഫാൻസ്ഫെസ്റ്റിവൽ നഗരിയിലെ ഉത്സവാന്തരീക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.