മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിനായി ഒമാൻ വ്യാഴാഴ്ച കളത്തിലിറങ്ങും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മത്സരത്തിൽ ഫലസ്തീനാണ് എതിരാളികൾ. ഒമാൻ സമയം രാത്രി എട്ടുമണിക്കാണ് കിക്ക് ഓഫ്.
ലോകകപ്പ് യോഗ്യത റൗണ്ടിൽ മുന്നോട്ടുപോകണമെങ്കിൽ രണ്ട് ടീമിനും ജയിച്ചേ മതിയാകു. കോച്ച് ജാബിർ റഷീദിനു കീഴിൽ ശക്തമായ പരിശീലനമാണ് റെഡ് വാരിയേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, പല കളിക്കാരുടെയും പരിക്ക് ടീമിനെ അലട്ടുന്നുണ്ട്.
സലാ അൽ യഹായി, അലി അൽ ബുസൈദി, യസീദ് അൽ മഷാനി, ഇസ്സാം അൽ സുബ്ഹി എന്നിവരുൾപ്പെടെ ഒമാൻ നിലവിൽ ടീമിൽ നിരവധിപേർ പരിക്കിന്റെ പിടിയിലാണ്. അതേസമയം, ഇവർക്കുള്ള പകരക്കാരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന ക്യാമ്പുകളിൽനിന്ന് കണ്ടെത്തുന്നതിന്റെ തിരക്കിലായിരുന്നു കോച്ച്.
ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിലെ നാലാം മത്സരത്തിൽ ജോർഡനുമായി ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തോറ്റതോടെയാണ് നേരിട്ട് യോഗ്യത നേടാം എന്നുള്ള ഒമാന്റെ സാധ്യതകൾക്ക് മങ്ങലേറ്റത് . ആറ് ടീമുകലുള്ള ഗ്രൂപ്പിൽനിന്നും രണ്ടു ടീമുകൾക്കെ നേരിട്ട് യോഗ്യത നേടാൻ സാധിക്കൂ.
അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഇനി നേരിട്ട് യോഗ്യത നേടാൻ കഴിയുകയുള്ളു. നാല് കളികളിൽനിന്നും പത്തു പോയന്റ് നേടിയ ദക്ഷിണ കൊറിയ ഏറെക്കുറെ ലോകകപ്പ് ഫൈനൽ റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഏഴു പോയന്റ് വീതമുള്ള ഇറാഖ്, ജോർഡൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.
നാലാം സ്ഥാനത്തുള്ള ഒമാന് മൂന്നു പോയന്റ് മാത്രമാണുള്ളത്. കുവൈത്തിനു മൂന്ന് പോയന്റാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ ഒമാനാണ് മുന്നിൽ. രണ്ടു പോയന്റ് മാത്രമുള്ള ഫലസ്തീൻ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ഇനിയുള്ള ആറ് മത്സരങ്ങളിൽ മൂന്നും എവേ മാച്ചുകളാണ് എന്നതും ഒമാന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഘടകമാണ് .
പുതിയ കോച്ചിന് കീഴിൽ കുവൈത്തിനെതിരെ നാല് ഗോളിന്റെ തകർപ്പൻ വിജയം നേടി ആരാധകരുടെ പ്രതീക്ഷക്കൊത്തുയർന്നെങ്കിലും തൊട്ടടുത്ത മത്സരത്തിൽ അതേ സ്കോറിനുതന്നെ ജോർഡനോട് കീഴടങ്ങി. 19ന് ഇറാഖിനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം.
ഇറാഖ്, ഫലസ്തീൻ ടീമുകളെ സ്വന്തം ഗ്രൗണ്ടിൽ തോൽപ്പിക്കുകയും ജോർഡനെ സമനിലയിൽ പിടിക്കുകയും ചെയ്താൽ നേരിട്ട് തന്നെ യോഗ്യത നേടാമെന്നുള്ള പ്രതീക്ഷയും ആരാധകർക്കുണ്ട്. അതോടൊപ്പം മറ്റു ടീമുകളുടെ പ്രകടനവും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.