മസ്കത്ത്: ലോകകപ്പ് യോഗ്യതാമത്സരത്തിൽ തുടർ വിജയം ലക്ഷ്യമിട്ട് ഒമാൻ ചെവ്വാഴ്ച സ്വന്തം തട്ടകത്തിലിറങ്ങും. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിൽ നടക്കുന്ന മത്സരത്തിൽ കിർഗിസ്താനാണ് എതിരാളി. ഒമാൻ സമയം രാത്രി എട്ട് മണിക്കാണ് ക്വിക്ക് ഓഫ്. കഴിഞ്ഞ ദിവസംനടന്ന കളിയിൽ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ആത്മവിശ്വാസവുയാണ് സ്വന്തം കാണികൾക്കുമുന്നിൽ ഇന്ന് പന്ത് തട്ടാനിറങ്ങുന്നത്.
കഴിഞ്ഞ കളിയിൽ ജയിച്ചതിനാൽ റെഡ് വാരിയേഴ്സ് മൂന്നാം റൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്. അഞ്ച് കളിയിൽനിന്ന് നാല് വിജയവുമായി ഗ്രൂപ് ഡിയിൽ ഒന്നാം സ്ഥാനത്താണ് ഒമാൻ. ഇത്രയും കളിയിൽനിന്ന് മൂന്ന് വിജയവുമായി കിർഗിസ്താനും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ഗ്രൂപ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിൽ കടക്കാനായിരിക്കും ഇരു ടീമുകളും ശ്രമിക്കുക. അതിനാൽ, ഇന്നത്തെ മത്സരം കടുക്കും.
ചൈനീസ് തായ്പേയിക്കെതിരെ അബ്ദുല്‍ റഹ്മാന് അല്‍ മുശൈഫിരി, ജമീല്‍ അല്‍ യഹ്മാദി എന്നിവരാണ് ഒമാനുവേണ്ടി വലുകുലുക്കിയത്. തുടക്കം മുതല്‍ അവസാനംവരെ ഒമാന്റെ ആധിപത്യമായിരുന്നു മത്സരത്തില്‍ കണ്ടത്. അവസാന മത്സരത്തില്‍ മലേഷ്യയോട് സമനില വഴങ്ങിയാണ് കിര്ഗിസ്താനെത്തുന്നത്. യോഗ്യത റൗണ്ടിലെ ഒമാന്റെ ഏക തോൽവി കിർഗിസ്താനെതിരെയായിരുന്നു.
എന്നാൽ, പുതിയ കോച്ചിനു കീഴിൽ മികച്ച ഫോമിലാണ് സുൽത്താനേറ്റ് പന്തുതട്ടുന്നത് എന്നും സ്വന്തം കാണികൾക്കു മുന്നിലാണ് കളിക്കാൻ ഇറങ്ങുന്നത് എന്നുള്ളതും ഒമാന്‍ അനുകൂലമായ ഘടകമാണ്. ഒമാൻ ടീമിനു പിന്തുണയുമായി ആയിരങ്ങള്‍ ഇന്ന് സ്റ്റേഡിയത്തിലെത്തും. നിരവധി കിര്ഗിസ്താന് പ്രവാസികളുള്ള ഒമാനില്‍ ഇവരും ടീമിനെ പിന്തുണക്കാന്‍ സ്റ്റേഡിയത്തിലുണ്ടാകും. വൈകുന്നേരം ആറു മണി മുതല്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന് അറിയിച്ചു.
ഇന്നത്തെ കളിയിൽ വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഒമാൻ പരിശീലകന് ജറോസ്ലാവ് സില്ഹവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റ വാലിദ് അല്‍ മുസല്‍മി ഇന്ന് മത്സരത്തിനിറങ്ങില്ലെന്നും പരിശീലകന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.