മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാൻ ചൊവ്വാഴ്ച ആസ്ട്രേലിയയെ നേരിടും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ രാത്രി എട്ടിനാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ട ഒമാന്‍ മുന്നിൽ ഇനി ലോകകപ്പ് സാധ്യതകൾ ഇല്ല. എന്നാൽ, ആസ്ട്രേലിയയെ സംബന്ധിച്ച് മത്സരം ഏറെ നിർണായകമാണ്. ഇനിയുള്ള കളികൾ ജയിച്ചാൽ മാത്രമേ ആസ്ട്രേലിയക്ക് ഖത്തർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാൻ സാധിക്കൂ. ഈ ഗ്രൂപ്പിൽനിന്ന് രണ്ട് ടീമുകളാണ് ഖത്തറിലേക്ക് നേരിട്ട് യോഗ്യത നേടുക. ഏഴു മത്സരങ്ങളിൽനിന്ന് 19 പോയന്റ് നേടിയ സൗദി അറേബ്യ ഖത്തറിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. രണ്ടാമത്തെ ടീമിനായി ജപ്പാനും ആസ്ട്രേലിയയുമാണ് പോര്. ഏഴു മത്സരങ്ങളിൽനിന്ന് ജപ്പാന് പതിനഞ്ചും ആസ്ട്രേലിയക്ക് പതിനാലും പോയന്റ് ആണുള്ളത്. അതിനാൽ ഇന്നത്തെ മത്സരം ജയിച്ചാൽ മാത്രമേ ആസ്ട്രേലിയക്ക് നേരിട്ട് യോഗ്യത ലഭിക്കൂ. ആസ്ട്രേലിയയുടെ ചങ്കിടിപ്പ് കൂട്ടുന്ന ഘടകങ്ങൾ നിരവധിയാണ്.
ഒമാനെതിരെ മസ്കത്തിൽ കളിച്ചപ്പോൾ അത്ര സുഖകരമായ ഓർമകൾ അല്ല ആസ്ട്രേലിയക്കുള്ളത്. 2014 ലോകകപ്പിൽ ഒരേ ഗ്രൂപ്പിൽ ആയിരുന്നപ്പോൾ മസ്കത്തിൽ നടന്ന മത്സരത്തിൽ തോറ്റു. മറ്റൊരു മത്സരം സമനില ആകുകയും ചെയ്തു. മറ്റൊരു മത്സരത്തിൽ ജപ്പാൻ സൗദി അറേബ്യയെ നേരിടുകയാണ്. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിൽ ജപ്പാനാണ് മുൻതൂക്കമെന്നതും ആസ്ട്രേലിയക്ക് ഭീഷണിയാണ്. ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ജപ്പാൻ, സൗദി അറേബ്യ ടീമുകൾക്ക് എതിരെയാണെന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നം ആസ്ട്രേലിയ ചിന്തിക്കുന്നില്ല. എന്നാൽ, ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയം നേടാനും പരമാവധി പോയന്റ് നേടാനുമായിരിക്കും ഒമാൻ ശ്രമിക്കുക. ടീമിലെ ഏഴ് താരങ്ങള്‍ കോവിഡിെൻറ പിടിയിലാണ്. കോവിഡ് നിയന്ത്രണമുള്ളതിനാൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. മാധ്യമപ്രവർത്തകരെ അനുവദിക്കും എന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.