സുഹാർ: അനുഭവങ്ങളേറെ നൽകിയ ഒമാനിലെ അധ്യാപന ജീവിതത്തിനൊടുവിൽ ആലപ്പുഴ മാവേലിക്കര സ്വദേശി കെ.എസ്. റെജി നാട്ടിലേക്ക് മടങ്ങുന്നു. മസ്കത്ത് ഹയർ കോളജ് ഓഫ് ടെക്നോളജിയിലെ ഇംഗ്ലീഷ് അധ്യാപന ജോലിയിൽനിന്നാണ് ഇദ്ദേഹം മടങ്ങുന്നത്.
1994ലാണ് റെജി ആദ്യമായി ഒമാനിലെത്തുന്നത്. 2006 വരെ വടക്കന്‍ ബാത്തിനയിലെ ഷിനാസ് വിലായത്തിലെ കാബ് ബിന്‍ മാലിക് സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് 2013ലാണ് മസ്കത്ത് ഹയർ കോളജ് ഓഫ് ടെക്നോളജി അധ്യാപകനായി എത്തുന്നത്.
ഒമാെൻറ സംസ്കാരത്തേയും ഇവിടുത്തെ മനുഷ്യരുടെ ജീവിത രീതികളേയുമൊക്കെ അടുത്തറിയാൻ സ്കൂളിലെ ജോലിക്കാലത്ത് സാധിച്ചതായി റെജി പറയുന്നു. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു സഹപ്രവർത്തകർ. സാങ്കേതിക സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ പാശ്ചാത്യ ലോകത്തുനിന്നുള്ള ധാരാളം അധ്യാപകരോടൊത്ത് ജോലി ചെയ്യാനും സാധിച്ചു. ഒമാനിലെ സർവകലാശാല തലത്തിലുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍ നിലവിലിരിക്കുന്ന ബോധന സമ്പ്രദായത്തിെൻറ തുടര്‍ച്ചയാണ്.
വിദ്യാര്‍ഥി കേന്ദ്രീകൃതമായ അധ്യാപന രീതിയും ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും കേട്ട് മനസ്സിലാക്കാനും വായിക്കാനും എഴുതാനും കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തിലാണ് രണ്ട് തലത്തിലും പാഠഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സർവകലാശാല തലത്തില്‍ കുറച്ചുകൂടി പക്വതയുള്ള വിദ്യാര്‍ഥികളായതിനാൽ അധ്യാപനം സ്കൂള്‍ തലത്തിനേക്കാള്‍ ആസ്വാദ്യകരമായ അനുഭവമായിരുന്നതായും റെജി പറയുന്നു.
ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഹയർ കോളജ് ഓഫ് ടെക്നോളജിയിലേയും മാതൃക അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അധ്യാപന രംഗത്ത് മാത്രമല്ല, സാഹിത്യ രംഗത്തും കഴിവു തെളിയിച്ച റെജി നല്ല കുറെ കഥകളും പ്രവാസ ലേഖനങ്ങളും പഠനസംബന്ധമായ കുറിപ്പുകളും പങ്കുവെച്ചിട്ടുണ്ട്. അധ്യാപന രംഗത്ത് ഏറെ സഹായകരമായ ഒരു പുസ്തകമാണ് റെജി രചിച്ച 'മുയൽ ഒരു മാംസഭോജിയാണ്'.
പുസ്തകവും ചൂരലും പിടിച്ചു നിൽക്കുന്ന പഴയ അധ്യാപകരിൽനിന്ന് കമ്പ്യൂട്ടർ യുഗത്തിലെ പഠനരീതി വരെ ലളിതമായും ആഖ്യാന ഭംഗിയിലും രചിച്ച പുസ്തകം ഫാബിയൻ ബുക്സാണ് പ്രസിദ്ധീകരിച്ചത്. നാട്ടിലും ഇംഗ്ലീഷ് അധ്യാപകനായി തുടരാനാണ് ആഗ്രഹം. അധ്യാപക പരിശീലനത്തിലും താൽപര്യമുണ്ട്. ഭാര്യ അനിത ഒമാനിലെ സര്‍ക്കാര്‍ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. മകൻ ഋതിക് പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. മകള്‍ അനന്യ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.