ഒമാന്‍െറ ഇടപെടല്‍: യമനില്‍ വിമതര്‍ അമേരിക്കക്കാരനെ വിട്ടയച്ചു

മസ്കത്ത്: യമന്‍ തലസ്ഥാനമായ സനായില്‍ വിമതസംഘങ്ങള്‍ തടവിലാക്കിയിരുന്ന അമേരിക്കന്‍ സ്വദേശിയെ ഒമാന്‍െറ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു.  പ്രത്യേക റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ ഞായറാഴ്ച രാത്രി മസ്കത്തിലത്തെിച്ച ഇദ്ദേഹം വൈകാതെ അമേരിക്കയിലേക്ക് തിരിക്കുമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 
യമനില്‍നിന്ന് തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന അമേരിക്കന്‍ സര്‍ക്കാറിന്‍െറ അപേക്ഷയെതുടര്‍ന്നാണ് ഒമാന്‍ വിഷയത്തില്‍ ഇടപെട്ടത്. ഇറാന്‍െറ പിന്തുണയുള്ള ഹൂതി വിമതരുമായുള്ള കൂടിയാലോചനകളുടെ ഫലമായാണ് മോചനം സാധ്യമായതെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ആഭ്യന്തര യുദ്ധത്തില്‍ പരിക്കേറ്റ ഒരുസംഘം യമന്‍കാരെയും ഈ വിമാനത്തില്‍ മസ്കത്തിലത്തെിച്ചിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. സഖ്യസേനയുടെ മിസൈലാക്രമണത്തില്‍ പരിക്കേറ്റ നൂറിലധികം യമനികളെ കഴിഞ്ഞ മാസം 15ന് ഒമാനില്‍ ചികിത്സക്കായി എത്തിച്ചിരുന്നു. യമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം ഒന്നിലധികം ഘട്ടങ്ങളിലായി നിരവധി യെമന്‍ സ്വദേശികള്‍ക്ക് സുല്‍ത്താനേറ്റിലെ വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കിയിരുന്നു. കഴിഞ്ഞ മാസം 15ന് യമനില്‍ വിമതരുടെ തടവില്‍നിന്ന് രണ്ട് അമേരിക്കക്കാര്‍ മോചിതരായിരുന്നു. 
ചികിത്സക്കായുള്ള യെമന്‍ സ്വദേശികളെ കൊണ്ടുവരാന്‍ പുറപ്പെട്ട വിമാനത്തിലാണ് ഇവര്‍ രണ്ടുപേരെയും സന്‍ആയില്‍നിന്ന് മസ്കത്തില്‍ എത്തിച്ചത്. ഒക്ടോബര്‍ ആദ്യം പത്തുമാസമായി വിമതരുടെ തടവിലായിരുന്ന റെഡ്ക്രോസ് പ്രവര്‍ത്തകയുടെ മോചനം സാധ്യമാക്കാനും ഒമാന് കഴിഞ്ഞിരുന്നു. തുനീഷ്യന്‍ വംശജയും ഫ്രഞ്ച് പൗരയുമായ നൗറേന്‍ ഹുവാസാണ് അന്ന് മോചിതയായത്. ഹൂതി വിമതരുമായും ഇറാനുമായും അതോടൊപ്പം സൗദി അറേബ്യയുമായും നല്ലബന്ധം പുലര്‍ത്തുന്ന ഏക അറബ് രാഷ്ട്രമാണ് ഒമാന്‍. യമനില്‍ ആക്രമണം നടത്തുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയിലും ഒമാന്‍ അംഗമല്ല. അമേരിക്കയുമായും അടുപ്പം പുലര്‍ത്തുന്ന സുല്‍ത്താനേറ്റിന്‍െറ ഇടപെടലിന്‍െറ ഫലമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രണ്ട് അമേരിക്കക്കാര്‍ അടക്കം ആറ് വിദേശികളെ യെമനിലെ ഹൂതി വിമതര്‍ വിട്ടയച്ചിരുന്നു. 2014 സെപ്റ്റംബറില്‍ ഹൂതി വിമതര്‍ സന്‍ആയുടെ നിയന്ത്രണം പിടിച്ചതിനെ തുടര്‍ന്ന് പല ഘട്ടങ്ങളിലായി നിരവധി വിദേശ പൗരന്മാരെ തടങ്കലില്‍ ആക്കിയിരുന്നു. ഇവരില്‍ ഭൂരിപക്ഷം പേരെയും ഇതിനകം വിട്ടയച്ചുകഴിഞ്ഞു. 
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന യമനിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും ഒമാന്‍ ക്രിയാത്മക പങ്കാണ് വഹിച്ചുവരുന്നത്. 
 

Tags:    
News Summary - yaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.