മസ്കത്ത്: ആഭ്യന്തരയുദ്ധം തകർത്തെറിഞ്ഞ യമനിൽ കോളറബാധ രൂക്ഷമാണെന്ന് റെഡ്ക്രോസ് പ്രതിനിധി. മഴക്കാലം തുടങ്ങിയതിനാൽ പുതിയ രോഗബാധ പൊട്ടിപ്പുറപ്പെടാനിടയുണ്ട്. അങ്ങനെ വരുന്ന പക്ഷം ഇൗ വർഷം അവസാനത്തോടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി പ്രസിഡൻറ് പീറ്റർ മൗറർ പറഞ്ഞു.
ഏപ്രിലിലാണ് രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂലൈ 21 വരെ 1800ലധികം കോളറ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിലവിലെ പോലെ തുടർന്നാൽ ഇൗ വർഷം അവസാനത്തോടെ കോളറ ബാധിതരുടെ എണ്ണം ആറു ലക്ഷത്തിനടുത്ത് എത്താൻ സാധ്യതയുണ്ട്. 45 യമനികളിൽ ഒരാൾ വീതം രോഗബാധിതരാകാനുള്ള സാധ്യതയാണ് കാണുന്നത്. ആഭ്യന്തരയുദ്ധം നിമിത്തം യമനിലെ ആരോഗ്യമേഖല തകർന്ന നിലയിലാണ്. 45 ശതമാനത്തോളം മെഡിക്കൽ സൗകര്യങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമായുള്ളത്. 20 ദശലക്ഷത്തിലധികം ആളുകളാണ് സഹായം ആവശ്യമുള്ളത് എന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായി ഇതിനെ വിലയിരുത്താം. രോഗം പടർന്നുപിടിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നതാണ് ഏറ്റവും സങ്കടകരം. മനുഷ്യനിർമിതമായ മഹാവിപത്താണിത്.
പൗരെൻറ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളെല്ലാം തകർത്തെറിഞ്ഞ്, ആരോഗ്യ സംവിധാനത്തിെൻറ കാര്യക്ഷമത ഇല്ലാതാക്കിയ സംഘർഷത്തിെൻറ പരിണത ഫലമാണ് ഇൗ കോളറബാധയെന്നും യമനിൽ അഞ്ചു ദിവസത്തെ സന്ദർശനത്തിന് എത്തിയ റെഡ്ക്രോസ് പ്രസിഡൻറ് പറഞ്ഞു. ലോകം ഉറക്കം നടിക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കും. പരസ്പരം പോരടിക്കുന്നവർ ഉപരോധങ്ങളിൽ അയവുവരുത്തി മരുന്നുകളുടെയും ഭക്ഷണസാധനങ്ങളുടെയും ഇറക്കുമതി അനുവദിച്ചാൽ കൂടുതൽ മരണങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനജലവും വൃത്തിഹീനവുമായ അന്തരീക്ഷവുമാണ് രോഗം പടരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധത്തിൽ ജലശുദ്ധീകരണ ശാലകളും മലിനജല കുഴലുകളുമെല്ലാം തകർക്കപ്പെട്ടിട്ടുണ്ട്. മരുന്നിെൻറ കുറഞ്ഞ ലഭ്യത മലേറിയ, ഡെങ്കി പോലുള്ള രോഗങ്ങളും വ്യാപകമാക്കും. ഇത് മരണസംഖ്യ വർധിപ്പിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. റെഡ്ക്രോസിന് പുറമെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തകരും യമനിൽ പ്രവർത്തിക്കുന്നുണ്ട്. റെഡ്ക്രോസിെൻറ യമനിലെ പ്രവർത്തനങ്ങളുമായി ഒമാനും സഹകരിക്കുന്നുണ്ട്. 2015 ജൂണിൽ സലാലയിൽ റെഡ്ക്രോസ് ലോജിസ്റ്റിക്സ് ഹബ് സ്ഥാപിച്ചിരുന്നു. യമനിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കൾ ഇവിടെനിന്നാണ് അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.