ദോഹ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജർമനിയിൽ ഖത്തർ 10 ബില്യൻ യൂറോ യുടെ വൻ നിക്ഷേപത്തിന് പദ്ധതിയിടുന്നതായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ജർമനിയിൽ ഔദ്യോഗിക സന്ദർശനത്തിനിടെ ബെർലിനിൽ നടന്ന ഖത്തർ–ജർമനി ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ഫോറത്തിലാണ് അമീർ വൻ നിക്ഷേപം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ബെർലിനിലെ മാരിടൈം ഹോട്ടലിൽ നടന്ന ഒമ്പതാമത് ഖത്തർ–ജർമൻ ഫോറത്തിൽ അമീറിനെ കൂടാതെ ജർമൻ ചാൻസ്ലർ ഡോ. ആംഗല മെർകൽ, ബെർലിൻ മേയർ മികായേൽ മുള്ളർ, ഖത്തറിൽ നിന്നും ജർമനിയിൽ നിന്നുമുള്ള വ്യാപാര പ്രമുഖർ എന്നിവർ സംബന്ധിച്ചു.
ഖത്തറിനും ജർമനിക്കുമിടയിലെ സഹകരണ–സൗഹൃദ ബന്ധത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും ഇപ്പോൾ ഖത്തറിെൻറ തന്ത്രപ്രധാനമായ പങ്കാളിരാഷ്ട്രങ്ങളിലൊന്നാണ് ജർമനിയെന്നും ഫോറത്തിൽ അമീർ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും കരുത്തരായ രാഷ്ട്രങ്ങളിലൊന്നാണ് ജർമനി. ഖത്തറിനും ജർമനിക്കുമിടയിലെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളുൾപ്പെടെ വിവിധ രംഗങ്ങളിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഖത്തർ–ജർമൻ വ്യാപാര–നിക്ഷേപ ഫോറം സംഘടിപ്പിക്കുന്നത്. ഇതിലെല്ലാമുപരി ഖത്തറിെൻറ മഹത്തായ വികസന പദ്ധതിയായ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ നിറവേറ്റുകയാണ് ഇതിലൂടെ സാധ്യമാക്കാൻ ശ്രമിക്കുന്നതെന്നും അമീർ ശൈഖ് തമീം വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഖത്തറിനും ജർമനിക്കുമിടയിലെ ബന്ധം ഏറെ ശക്തിപ്പെട്ടുവെന്നും വ്യാപാര, നിക്ഷേപ, നിർമ്മാണ മേഖലകളിൽ ഇത് കാണാൻ സാധിക്കുമെന്നും അമീർ പറഞ്ഞു.
ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര കൈമാറ്റം 2011നും 2016നുമിടയിൽ 2.8 ബില്യൻ യൂറോയിലെത്തി ഇരട്ടിയായിരിക്കുന്നുവെന്നും ഖത്തറിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാമതാണ് ജർമനിയെന്നും അമീർ ചൂണ്ടിക്കാട്ടി. മേഖലയിലെ ചില പ്രതിസന്ധികളും മറ്റും വ്യാപാര വ്യാപ്തിയിലെ അളവ് കുറക്കുന്നതിനിടയാക്കിയെന്നും അമീർ സന്ദർഭവശാൽ സൂചിപ്പിച്ചു.
ഖത്തറിെൻറ സാമ്പത്തിക വികസനത്തിൽ ജർമൻ കമ്പനികളുടെ പങ്ക് വലുതാണ്. മുന്നൂറിലധികം കമ്പനികളാണ് വിവിധ മേഖലകളിലായി ഖത്തറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം തന്നെ ഖത്തറിെൻറ നിക്ഷേപമേഖലയിലെ പ്രധാന രാജ്യമാണ് ജർമനിയെന്നും ഏകദേശം 25 ബില്യൻ യൂറോയാണ് ഖത്തറിെൻറ ജർമനിയിലെ നിക്ഷേപമെന്നും അമീർ വ്യക്തമാക്കി.
2000നും 2014നും ഇടയിൽ ഖത്തറിെൻറ ജി ഡി പിയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. എന്നാൽ എണ്ണവിലത്തകർച്ച ഈ വളർച്ചയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത്തരം പ്രതിസന്ധികളിലും ഖത്തറിെൻറ സാമ്പത്തികരംഗം തളർന്നിട്ടില്ല. ഇന്നും ആളോഹരി വരുമാനത്തിൽ ഖത്തർ തന്നെയാണ് ലോകത്ത് മുന്നിൽ നിൽക്കുന്നത്. 2020 ആകുന്നതോടെ 3 ശതമാനം സാമ്പത്തിക വളർച്ചയാണ് ലോകബാങ്ക് ഖത്തറിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഫോറത്തിൽ സംസാരിക്കവേ അമീർ ചൂണ്ടിക്കാട്ടി.
എണ്ണയിതര മേഖലയിലാണ് ഖത്തർ സാമ്പത്തിക മേഖല നിലവിൽ ശ്രദ്ധയൂന്നുന്നത്. 2011–2016 പഞ്ചവത്സര പദ്ധതിയുടെ ഫലമാണ് സാമ്പത്തിക വൈവിധ്യവൽകരണമെന്നും പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യമേഖലാ നിക്ഷേപങ്ങൾക്ക് കൂടുതൽ ഉൗന്നൽ നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരതയും മറ്റും ലക്ഷ്യമാക്കിക്കൊണ്ട് നിരവധി പുതിയ നിയമങ്ങളും നിയമഭേദഗതികളുമാണ് ഈയിടെ നടപ്പിൽ വരുത്തിയിരിക്കുന്നതെന്നും അമീർ സൂചിപ്പിച്ചു.
രാജ്യത്ത് നടക്കുന്ന വികസന പദ്ധതികൾ ജർമൻ കമ്പനികൾക്ക് മികച്ച അവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദ്യാഭ്യാസ മേഖലയിൽ ഖത്തർ–ജർമനി കൂടുതൽ സഹകരണം ഈ അവസരത്തിൽ നിർദേശിക്കുകയാണെന്നും സാംസ്കാരിക മേഖലയിൽ 2017ലെ ഖത്തർ–ജർമൻ സാംസ്കാരിക വർഷം പരിപാടികൾ ഇരുരാജ്യങ്ങൾക്കുമിടയിലെ സാംസ്കാരിക മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അമീർ വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ ഖത്തറിനെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ഉപരോധത്തെ തള്ളിക്കളഞ്ഞ ജർമനിയുടെ നിലപാടുകൾക്ക് ഈയവസരത്തിൽ താനും ഖത്തർ ജനതയും നന്ദി അറിയിക്കുകയാണെന്നും അമീർ പറഞ്ഞു.
നിരവധി നിർണായക തീരുമാനങ്ങളും കൂടിക്കാഴ്ചകളും കരാറുകളും ഉണ്ടായ ജർമൻ സന്ദർശനം പൂർത്തിയാക്കിയ അമീർ വെള്ളിയാഴ്ച വൈകുന്നേരം ജർമനിയിൽ നിന്ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.