ദോഹ: വ്യാഴാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന മൂന്നാമത് ലോക കേരള സഭയിലേക്ക് ഖത്തറിൽനിന്നും പങ്കെടുക്കുന്നത് 12 പേർ. പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ലോക കേരളസഭയിൽ ബിസിനസ്, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യമുണ്ടാകും. പൊതുപ്രവർത്തകരും പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നോർക്ക റൂട്ട്സ് ഡയറക്ടർ ജെ.കെ. മേനോൻ, നോർക്ക ഖത്തർ ഡയറക്ടർ സി.വി. റപ്പായി എന്നിവർ അംഗങ്ങളാണ്.
അബ്ദുൽ റഊഫ് കൊണ്ടോട്ടി, വിവിധ സംഘടന പ്രതിനിധികളായി അർളയിൽ അഹമ്മദ് കുട്ടി, അബ്ദുൽ ജലീൽ കാവിൽ, ഇ.എം. സുധീർ, എ. സുനിൽകുമാർ, ഷാനവാസ് തവയിൽ, ബോബൻ വർക്കി, കെ.ആർ. ജയരാജ്, സൈനുദ്ദീൻ സക്കരിയ വനിത പ്രതിനിധിയായി ഷൈനി കബീർ എന്നിവരാണ് പങ്കെടുക്കുന്നത്. അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഹമ്മദ് കുട്ടി അർളയിൽ, സുനിൽ എന്നിവർക്ക് രണ്ടാം അവസരമാണിത്.
മൂന്നു ദിവസത്തെ സഭ വ്യാഴാഴ്ച തുടങ്ങുമ്പോൾ ഔദ്യോഗിക പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നേരിട്ട് ക്ഷണക്കത്ത് നൽകിയാണ് അംഗങ്ങൾക്ക് അറിയിപ്പ് നൽകുന്നത്. അഹമ്മദ് കുട്ടി, ജലീൽ കാവിൽ, ഇ.എം. സുധീർ, സുനിൽ കുമാർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഷൈനി കബീർ എന്നിവരാണ് സ്ഥിരം അംഗങ്ങൾ. മറ്റുള്ളവർ സൗഹൃദ ക്ഷണിതാക്കളായാണ് പങ്കെടുക്കുന്നത്.
അതേസമയം പ്രവാസി ജീവകാരുണ്യ, സാമൂഹിക ക്ഷേമ മേഖലകളിൽ സജീവസാന്നിധ്യമായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ തീർത്തും അവഗണിക്കപ്പെട്ടു. പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കെ.എം.സി.സി ഖത്തർ ഘടകത്തിൽ നിന്നും പ്രതിനിധികൾ ആരുമില്ല. കഴിഞ്ഞ സഭയിൽ അംഗമായ എസ്.എ.എം. ബഷീർ പാർട്ടി നിർദേശത്തെത്തുടർന്ന് രാജി വെച്ചിരുന്നു. ഇത്തവണ, കെ.എം.സി.സി അംഗങ്ങൾ സഭയിലേക്ക് അപേക്ഷിച്ചിട്ടുമില്ല. പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടുന്ന കൾചറൽ ഫോറം ഉൾപ്പെടെയുള്ള സംഘടനകൾക്കും പ്രാതിനിധ്യമില്ല. പ്രതിപക്ഷ നേതാവിന്‍റെ നാമനിർദേശത്തിലാണ് ഇൻകാസ് അംഗങ്ങൾ പ്രതിനിധികളായത്. സി.പി.എം അനുകൂല പ്രവാസി സംഘടനയായ സംസ്കൃതി ഖത്തറിനാണ് ഏറ്റവും പ്രാതിനിധ്യമുള്ളത്. നാലുപേരാണ് സംസ്കൃതിയിൽ നിന്നുള്ളത്.
മൂന്നു ദിനങ്ങളിലായി നടക്കുന്ന സഭയിൽ 351 അംഗങ്ങളാണ് പങ്കെടുക്കുന്നത്. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ 169ഉം വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽനിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളികളായി 182 പേരും പങ്കെടുക്കുന്നുണ്ട്. 608 അപേക്ഷകരിൽ നിന്നാണ് ഇത്തവണ 182 പേരെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.